മിനിയാപോളിസ്: കർക്കശമായ നിയമനടപടികൾക്കൊപ്പം സാമൂഹികബോധവത്കരണത്തിനും ശാക്തീകരണത്തിനുമുള്ള ചിട്ടയായ പ്രവർത്തനങ്ങളും സംയോജിപ്പിച്ച രീതിയാണ് തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് മിനിയാപോളിസ്-സെൻറ് പോൾ ഇരട്ടനഗരം തെളിയിക്കുന്നു.
ഭീകരസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും അവരിലേക്ക് ഇറങ്ങിച്ചെന്നുള്ള ജനസമ്പർക്ക പരിപാടി വിജയകരമാണെന്ന് മിനിയാപോളിസിലെ ഹെനപിൻ കൗണ്ടി ഭരണാധികാരി പറയുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ സോമാലിയൻ കുടിയേറ്റക്കാർ താമസിക്കുന്ന സംസ്ഥാനമായ മിനസോട്ടയിൽ നിന്നാണ് ഏറ്റവും കൂടുതൽ യുവാക്കൾ അൽശബാബ്, െഎ.എസ് സംഘങ്ങളിൽ ചേരാൻ പോയത്. 2007നും 2009നുമിടയിൽ 20 യുവാക്കൾ സോമാലിയയിലെ തീവ്രവാദസംഘടനയായ അൽശബാബിൽ ചേർന്നു. ഇതിൽ പെട്ട ശിർവ അഹ്മദ് 2008 ഒക്ടോബർ 29ന് സോമാലിയയിലെ പുണ്ട്സ്ലാൻഡിലെ ചാവേറാക്രമണത്തിൽ മരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച അമേരിക്കൻ ഭരണകൂടം കുടിയേറ്റക്കാരെ ഭീകരവാദ റിക്രൂട്ട്മെൻറിന് ഇരയാകുന്നതിൽ നിന്നു തടയാനുള്ള വഴികളാലോചിക്കുകയും അക്രമാസക്ത തീവ്രവാദത്തിനെതിരെ തദ്ദേശീയരുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുകയുമായിരുന്നു. ഇതിനായി ആദ്യം തെരഞ്ഞെടുത്ത മൂന്നു അമേരിക്കൻ നഗരങ്ങളിലൊന്നാണ് മിനിയാപോളിസ്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.െഎ, ദേശീയ ആഭ്യന്തരസുരക്ഷ വിഭാഗം, മിനിയാപോളിസിലെ ഹെനപിൻ കൗണ്ടി ഭരണത്തലവൻ (ഷെറിഫ്) എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടുവരുന്നതായി റിച്ചാർഡ് സ്റ്റാനക് മലയാളി മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ഉദ്യോഗസ്ഥർക്ക് കുടിയേറ്റ സമൂഹത്തിലേക്ക് കടന്നുചെല്ലാനും തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന് അവരുടെ പങ്കാളിത്തത്തോടെ ഫലപ്രദമായ വഴികണ്ടെത്താനാവുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സോമാലിയയിലെ ആഭ്യന്തരസംഘർഷം അഭയാർഥിയാക്കി മാറ്റിയ ആബിദി മലിക് മുഹമ്മദാണ് ഹെനപിനിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അഭയാർഥിയെന്ന നിലയിലുള്ള അസ്തിത്വപ്രതിസന്ധി, ഇൻറർനെറ്റ് വഴിയും മറ്റും ലഭിക്കുന്ന പിഴച്ച മതാധ്യാപനങ്ങളുണ്ടാക്കുന്ന ആശയക്കുഴപ്പം, സമൂഹത്തിലെ ഒറ്റപ്പെടൽ മറികടക്കാൻ വല്ലതും ചെയ്യാനുള്ള അതിസാഹസികത എന്നിവയാണ് തീവ്രവാദിസംഘങ്ങളുടെ റിക്രൂട്ട്മെൻറ് എളുപ്പമാക്കിത്തീർക്കുന്നതെന്ന് ആബിദി മാലിക് പറയുന്നു. ഇതിനെ മറികടക്കാനുള്ള പരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ ബോധവത്കരണ പരിപാടികൾ നടത്തിവരുന്നു. ഫെഡറൽ ഗവൺമെൻറ് എല്ലാവർക്കും ലഭ്യമാക്കുന്ന വിദ്യാഭ്യാസ, തൊഴിൽ സൗകര്യങ്ങൾ കുടിയേറ്റക്കാർക്കും ലഭ്യമാക്കാനുള്ള പരിശീലനപരിപാടികളും നൽകിവരുന്നു. ഇൗ പ്രവർത്തനങ്ങൾക്കായി സോമാലി വംശജരായ വിവിധ പ്രഫഷണലുകളുടെ സന്നദ്ധസംഘത്തിനു രൂപം നൽകി. ഇൗ പ്രവർത്തനങ്ങളിലൂടെ യുവാക്കൾക്ക് തൊഴിൽ, സാമൂഹികസുരക്ഷാബോധം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും പലരും സന്നദ്ധപ്രവർത്തനത്തിനു മുന്നോട്ടുവരുന്നുണ്ടെന്നും ആബിദി പറയുന്നു.
തീവ്രവാദ സംഘത്തിൽ ആകൃഷ്ടരായി നാടുവിടുന്നവരെ നിരീക്ഷിക്കാനും പിടികൂടി ശക്തമായ ശിക്ഷ നൽകാനും സംവിധാനമുണ്ടെന്ന് വ്യക്തമാക്കി. 2014ൽ െഎ.എസിൽ ചേരാൻ പോകുന്ന ഒമ്പതുപേരെ പിടികൂടുകയും മുപ്പതു വർഷം വരെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. നിയമം കർക്കശമാക്കുന്നതോടൊപ്പം ഇതിന് പ്രതിരോധം തീർക്കുകയാണ് സാമൂഹികസമ്പർക്ക പരിപാടികളിലൂടെ ഹെനപിൻ കൗണ്ടി ചെയ്തുവരുന്നത്. പ്രാദേശികതലത്തിൽ ഇമാമുമാരെയും മതപാഠശാലകളിലെ അധ്യാപകരെയുമൊക്കെ ഇതിൽ അണിചേർക്കാനായിട്ടുണ്ടെന്നും കുറ്റവാളികളെ തുറന്നുകാണിക്കാനും പുതുതലമുറയെ വഴിപിഴക്കാതെ നോക്കാനും ഇൗ പിന്തുണ ഏറെ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.