മൂസിലില്‍ ഇറാഖി സേനക്ക് നിര്‍ണായക മുന്നേറ്റം; വിമാനത്താവളം തിരിച്ചുപിടിച്ചു video

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൂസിലില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ ഇറാഖി സേനക്ക് നിര്‍ണായക മുന്നേറ്റം. പടിഞ്ഞാറന്‍ മൂസിലില്‍ ഐ.എസിന്‍െറ നിയന്ത്രണത്തിലുണ്ടായിരുന്ന വിമാനത്താവളം ഇറാഖി സേന തിരിച്ചുപിടിച്ചു. അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തിന്‍െറ അകമ്പടിയോടെ മേഖലയില്‍ ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിനൊടുവിലാണ് വിമാനത്താവളം സൈന്യം നിയന്ത്രണത്തിലാക്കിയത്. ഇതോടൊപ്പം മേഖലയിലെ ഖ്വയാറ എന്ന സൈനികനിലയവും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സൈനിക മുന്നേറ്റം സംബന്ധിച്ച വാര്‍ത്ത അധികൃതര്‍ പുറത്തുവിട്ടത്. 

2014ല്‍ വടക്കന്‍ ഇറാഖില്‍ ഐ.എസ് നടത്തിയ സൈനിക നീക്കത്തിലാണ് വിമാനത്താവളവും സൈനിക നിലയവും നഷ്ടമായത്. ഐ.എസ് സൈനിക പരിശീലന കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു ഇത്. ഇത് നിയന്ത്രണത്തിലാക്കിയത് ഇറാഖി സൈന്യത്തിന് തുടര്‍ന്നുള്ള ദൗത്യങ്ങള്‍ക്ക് വേഗത പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെയുള്ള പ്രധാനപാതകളും സൈന്യം കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. അതേസമയം, സുപ്രധാന സൈനിക കേന്ദ്രം കൈവിട്ട സാഹചര്യത്തില്‍, ഐ.എസ് ഒളിപ്പോര് ശക്തമാക്കുമെന്ന് സൈന്യത്തിന് ആശങ്കയുണ്ട്. കിഴക്കന്‍ മൂസില്‍ ദൗത്യത്തിനിടെ ഐ.എസ് ഈ തന്ത്രം പ്രയോഗിച്ചിരുന്നു. 

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസില്‍ തിരിച്ചുപിടിക്കാനുള്ള പ്രത്യേക ദൗത്യത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് സൈന്യം തുടക്കമിട്ടത്. ജനുവരിയില്‍ കിഴക്കന്‍ മൂസില്‍ പൂര്‍ണമായും തിരിച്ചുപിടിച്ചുവെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ ഐ.എസ് ആധിപത്യം തുടരുകയായിരുന്നു. തുടര്‍ന്നാണ്, ഇവിടെ സൈന്യം റെയ്ഡ് ശക്തമാക്കിയത്. ഏതാനും ഐ.എസ് ഭീകരരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതേസമയം, പടിഞ്ഞാറന്‍ മൂസിലില്‍ ഇപ്പോഴും ആറ് ലക്ഷത്തിലധികം സിവിലിയന്മാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിനകം, 1.6 ലക്ഷം സിവിലിയന്മാര്‍ക്ക് മാത്രം അഭയം നല്‍കാനാണ് സര്‍ക്കാറിന് സാധിച്ചിട്ടുള്ളത്.

 

Tags:    
News Summary - mosul airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.