വാഷിങ്ടൺ: മനുഷ്യരാശിക്ക് വലിയ ആഘാതമുണ്ടാക്കുന്ന വിധം ഭീകരമല്ല കോവിഡെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് നൊബേൽ ജേതാവ് മിഷേൽ ലെവിറ്റ്. ലോകജനതയെ മാസങ്ങളോ വർഷങ്ങളോ പ്രതിസന്ധിയിലാക്കാൻ സാധ്യതയുള്ള വെല്ലുവിളിയാണ് കോവിഡ് എന്ന പ്രചാരണത്തെ തള്ളികളയുകയാണ് 2013 ലെ രസതന്ത്ര നൊബേൽ ജേതാവായ ലെവിറ്റ്. പ്രചരിക്കുന്ന ഭയത്തെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
ചൈന കോവിഡിന്റെ പിടിയിലമർന്ന് തുടങ്ങിയപ്പോൾ ലെവിറ്റ് നടത്തിയ പ്രവചനങ്ങൾ ഏറെയും പിന്നീട് ശരിയാകുന്നതാണ് കണ്ടത്. ചൈനയിൽ 80000 ആളുകൾക്ക് രോഗം ബാധിക്കുമെന്നും മരണം 3250 ൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാർച്ച് 16 ലെ കണക്ക് അനുസരിച്ച് 80298 ആളുകൾക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 3245 ആയിരുന്നു. 140 കോടിയോളം ആളുകളുള്ള ചൈനയിൽ ഇതൊരു ചെറിയ സംഖ്യയാണെന്നും മാധ്യമങ്ങളും മറ്റും ഭീതി സൃഷ്ടിക്കുകയാണെന്നുമാണ് ലെവിറ്റ് പറയുന്നത്.
കോവിഡ് ബാധിച്ച രാജ്യങ്ങളിൽ ഒാരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കണക്കുകൾ പരിശോധിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തിൽ ഉയരുന്ന രോഗികളുടെ എണ്ണം പിന്നീട് കുറയുന്നതായാണ് കാണുന്നതെന്ന് ലെവിറ്റ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സമ്പർക്കം കുറച്ചാൽ വളരെ പെട്ടന്ന് ഇതിന്റെ വ്യാപനം തടയാനാകുന്നതായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.
താപ പരിശോധന വ്യാപകമാക്കുകയും സംശയമുള്ളവരെ മുഴുവൻ നിരീക്ഷണത്തിൽ വെക്കുകയും ചെയ്താൽ കോവിഡ് വ്യാപനം പിടിച്ചു നിർത്താനാകും. സമൂഹത്തിൽ പരക്കെ വലിയ ഭീതി സൃഷ്ടിക്കുന്നത് സാമ്പത്തികമായ തകർച്ചക്കും മറ്റു സാമൂഹിക പ്രത്യാഘാതങ്ങൾക്കുമാണ് കാരണമാകുകയെന്നും ലെവിറ്റ് പറയുന്നു.
മാധ്യമങ്ങൾ അനാവശ്യമായ ഭീതിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ 3.6 കോടി അമേരിക്കക്കാരെ ബാധിച്ച ഫ്ലു 22,000 ആളുകളുടെ മരണത്തിന് കാരണമായിരുന്നു. എന്നാൽ ഇത് ആഘോഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലെവിറ്റ് നടത്തിയത് പോലുള്ള പ്രവചനങ്ങൾക്കുള്ള സമയമായിട്ടില്ലെന്നും കോവിഡ് സംബന്ധിച്ച് ഏറെ കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ടെന്നും ആരോഗ്യ ഗവേഷകനായ ഡോ. ലോറൻ മില്ലർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.