യു.എസ്​ ഭീഷണിക്കിടെ ഉത്തരകൊറിയയുടെ വമ്പൻ സൈനിക റാലി

പ്യോങ്യാങ്: ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ യു.എസിന് കനത്ത താക്കീതുമായി ഉത്തര കൊറിയയുടെ കൂറ്റൻ സൈനിക പരേഡ്. രാഷ്ട്രപിതാവായ കിം ഇൽ സുങ്ങി​െൻറ 105ാം ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങ്ങിലെ അദ്ദേഹത്തി​െൻറ പേരിലുള്ള ചത്വരത്തിൽ സംഘടിപ്പിച്ച റാലി അക്ഷരാർഥത്തിൽ യു.എസിനെതിരായ യുദ്ധപ്രഖ്യാപനവും ലോകത്തിനു മുന്നിൽ കരുത്തു കാണിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഏതുതരത്തിലുള്ള ആണവായുധ ആക്രമണങ്ങൾക്കെതിരെയും സമാന രീതിയിൽ തിരിച്ചടി നൽകുമെന്ന് കിം ജോങ് ഉൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായ ചോ േറ്യാങ് ഹെ മുന്നറിയിപ്പു നൽകി.

പരേഡിൽ ആയിരക്കണക്കിന് സൈനികർ അണിനിരന്നു. ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അത്യാധുനിക ആയുധങ്ങളും സൈനിക പരേഡിൽ പ്രദർശിപ്പിച്ചതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്നതും കരയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്നതുമായ മിസൈലുകളും, കടലിൽനിന്ന് വിക്ഷേപിക്കാവുന്ന 1,000 കി.മീറ്റർ പരിധിയുള്ള മിസൈലുകളും, സാറ്റ്ലൈറ്റുകൾക്ക് തിരിച്ചറിയാൻ സാധിക്കാത്ത ഖരരൂപത്തിലുള്ള ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകളും  പ്രദർശിപ്പിച്ചു. ഇൗ മിസൈലുകളിൽ അമേരിക്കയിൽവരെ ആക്രമണം നടത്താൻ ശേഷിയുള്ളവയുമുണ്ട്.  

എല്ലാത്തിനുമപ്പുറം നിഗൂഢമായ ചിരിയോടെ വെളുത്ത ഷർട്ടിനു മീതെ കറുത്ത സ്യൂട്ടും ധരിച്ച്, പിതാമഹനെ ആദരിക്കാൻ സംഘടിപ്പിച്ച പരേഡിനെ വീക്ഷിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും നിലകൊണ്ടു. മുമ്പത്തെ അപേക്ഷിച്ച് ഇത്തവണ പരേഡിൽ ചൈനീസ് പ്രതിനിധികളാരും പെങ്കടുത്തില്ല. നിലവിൽ ഉത്തര കൊറിയയുടെ ഏറ്റവും അടുത്ത അണിയാണ് ചൈന.
ഉത്തര കൊറിയയുടെ മിസൈൽ ആക്രമണങ്ങൾ തടയാൻ കൊറിയൻ തീരത്ത് യു.എസ് യുദ്ധക്കപ്പലുകൾ വിന്യസിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ഉ. കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതാണ് യു.എസിെന പ്രകോപിപ്പിച്ചത്. ഏതുനിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാമെന്നും യുദ്ധമുണ്ടായാൽ ആർക്കും ഗുണകരമാവില്ലെന്നും കനത്ത വില നൽകേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മുന്നറിയിപ്പു നൽകിയിരുന്നു.
 

ഉത്തര കൊറിയയെ നേരിടാനുള്ള കരുത്തുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈന സഹായിക്കാൻ കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യു.എസിന് അവരെ നേരിടാനറിയാമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ചൈനയുടെ സഹായത്തോടെ ഉത്തര കൊറിയക്കെതിരെ സമ്മർദം ചെലുത്തി  സൈനിക നീക്കം ഒഴിവാക്കാനാണ് ട്രംപി​െൻറ പദ്ധതിയെന്ന് അസോസിേയറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു പദ്ധതി ട്രംപി​െൻറ തെറ്റിദ്ധാരണയാണെന്നും ചൈനയിലെ ഗ്ലോബൽടൈംസ് റിപ്പോർട്ട് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിലെ പര്യടനങ്ങളുടെ ഭാഗമായി യു.എസ് വൈസ്പ്രസിഡൻറ് മൈക്പെൻസ് ഇന്ന് ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കയാണ്.


സിറിയയിലും അഫ്ഗാനിസ്താനിലും യു.എസ് നടത്തിയ ആക്രമണം ഉത്തര കൊറിയയിലേക്കും വ്യാപിപ്പിക്കുമെന്നാണ് ലോകം കരുതുന്നത്.  എന്നാൽ, ഏതുതരത്തിലുള്ള ആക്രമണത്തിനും തിരിച്ചടി നൽകുമെന്നാണ് ഉ. കൊറിയയുടെ പ്രഖ്യാപനം.

ദക്ഷിണ കൊറിയയിലുള്ള 28,000 യു.എസ് സൈനികരെയും ജപ്പാനിലുള്ള യു.എസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം  കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉ. കൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഇൗ സാഹചര്യത്തിൽ സംയമനത്തി​െൻറ പാതയാണ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ തേടുന്നത്. കാരണം യുദ്ധമുണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ചൈനയെയും ദക്ഷിണ കൊറിയയെയും ജപ്പാനെയുമാണ്.

Tags:    
News Summary - North Korea parades missiles as Kim Jong-un aide threatens US with 'annihilating strike'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.