വാഷിങ്ടൺ: ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരാനും റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുമുള്ള തീരുമാനങ്ങൾ യു.എസ്-ഇന്ത്യ ബന്ധത്തിന് ഗുണകരമാകില്ലെന്ന താക്കീതുമായി യു.എസ്. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു.
2015ലെ ആണവക്കരാറിൽനിന്ന് പിന്മാറിയശേഷം മറ്റു രാജ്യങ്ങളിലേക്ക് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി വെട്ടിക്കുറക്കാനാണ് യു.എസിെൻറ ശ്രമം. ആണവകരാറിൽനിന്ന് പിന്മാറിയതിനു പിന്നാലെ യു.എസ് ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിച്ചിരുന്നു. ഉപരോധത്തിെൻറ അന്തിമഘട്ടം നവംബർ നാലിന് പ്രാബല്യത്തിൽവരും. അതിനകം ഇറാനുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ അണികൾക്ക് നിർദേശവും നൽകി. എന്നാൽ, നവംബറിനുശേഷവും ഇറാനിൽനിന്ന് എണ്ണ വാങ്ങുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ തിങ്കളാഴ്ച വ്യക്തമാക്കുകയും ചെയ്തു.
രണ്ട് പൊതുമേഖലാ റിഫൈനറികള്‍ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഓര്‍ഡര്‍ ഇറാനു നല്‍കിയതായി പ്രധാന് അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐ.ഒ.സി) മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡുമാണ് (എം.ആർ.പി.എല്‍) ഇറാന് എണ്ണക്ക് ഓര്‍ഡര്‍ നല്‍കിയത്.
തീരുമാനം യു.എസുമായുള്ള ഇന്ത്യൻ ബന്ധത്തിന് വിള്ളലുണ്ടാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ നുവർട്ട് പറഞ്ഞു. ഇന്ത്യക്കുമേൽ ഉപരോധം കൊണ്ടുവരുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനയെക്കുറിച്ച് ആരാഞ്ഞപ്പോൾ നടപടികൾ മുൻകൂട്ടിപ്പറയുന്നത് അദ്ദേഹത്തിെൻറ അപ്രീതിക്ക് കാരണമാകുമെന്നും കൂടുതൽ വിവരങ്ങൾക്ക് വൈറ്റ്ഹൗസുമായി ബന്ധപ്പെടണമെന്നും ഹീതർ പറഞ്ഞു. റഷ്യയിൽനിന്ന് മിസൈൽ വാങ്ങിയാൽ ഇന്ത്യക്ക് ഉപരോധം ചുമത്തുെമന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇറാൻ, ഉത്തരകൊറിയ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നവരെ ഉപരോധിക്കാനുള്ള കാറ്റ്സ നിയമപ്രകാരം (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) ഇന്ത്യക്കെതിരെ നടപടിയെടുക്കുമോയെന്നത് ഉടൻ അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.
ചർച്ചക്കായി യു.എസ് പ്രതിനിധി
വാഷിങ്ടൺ: നവംബർ നാലിനകം ഇറാനുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം അന്ത്യശാസനം നൽകിയിരിക്കെ, ഉന്നതതല ചർച്ചക്കായി ഇറാനിലെ യു.എസ് പ്രത്യേക പ്രതിനിധി ബ്രയാൻ ഹൂക്ക് ഇന്ത്യയിലെത്തും. പശ്ചിമേഷ്യയിൽ ഇറാെൻറ ഇടപെടൽ അവസാനിപ്പിക്കേണ്ടതും ചർച്ചവിഷയമാകും. അതുകഴിഞ്ഞ് ഹൂക്ക് യൂറോപ്പിലേക്ക് പോകും.
ഇറാഖ് കഴിഞ്ഞാൽ ഇറാൻ ആണ് ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സ്. 2017-18 കാലയളവിൽ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത 22. 04 കോടി മെട്രിക് ടൺ എണ്ണയിൽ 9.4 ശതമാനം ഇറാനിൽനിന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.