ബെയ്ജിങ്: ദക്ഷിണ ചൈന കടലിലെ തർക്കദ്വീപിനു സമീപം യു.എസ് യുദ്ധക്കപ്പൽ യു. എസ്.എസ് സ്റ്റെതം എത്തിയത് ഗുരുതരമായ രാഷ്ട്രീയ-സൈനിക പ്രകോപനമാണെന്ന് ചൈന പ്രതികരിച്ചു. യു.എസ് കപ്പലിനെ നേരിടുന്നതിനായി പ്രദേശത്ത് ചൈനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചതായി വിദേശകാര്യ വക്താവ് അറിയിച്ചിട്ടുമുണ്ട്.
ഇതോടെ സംഭവം ഇരു ലോകരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയിരിക്കുകയാണ്. ദക്ഷിണ ചൈന കടലിൽ തർക്കദ്വീപിന് 22 കിലോമീറ്റർ സമീപത്തുകൂടിയാണ് യുദ്ധക്കപ്പൽ കടന്നുപോയത്.
ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും ഭീഷണിയിലാക്കുന്ന നടപടിയാണിതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറ് സ്ഥാനത്തെത്തിയശേഷം ഇത് രണ്ടാം തവണയാണ് യുദ്ധക്കപ്പൽ തർക്കപ്രദേശത്തിന് സമീപത്തെത്തുന്നത്. മേയ് 25നാണ് ആദ്യമായി ഇത്തരമൊരു നീക്കം യു.എസ് സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ നേരത്തേ നിശ്ചയിച്ച ഫോൺ സംഭാഷണത്തിന് മണിക്കൂറുകൾക്കു മുമ്പാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നടപടിയുണ്ടായിരിക്കുന്നത്. ദക്ഷിണ ചൈന കടലിലെ പ്രധാന ഭാഗങ്ങളുടെയെല്ലാം നിയന്ത്രണം തങ്ങൾക്കാണെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാൽ, പല ഭാഗങ്ങളുടെയും അവകാശം തങ്ങൾക്കാണെന്ന് തായ്വാൻ, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം എന്നിവയും ഉന്നയിക്കുന്നു. കടലിൽ സൈനികാവശ്യങ്ങൾക്ക് ചൈന കൃത്രിമ ദ്വീപുകളും നിർമിച്ചിട്ടുണ്ട്. ഇതെല്ലാം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് അമേരിക്കൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.