ഹൂസ്റ്റൺ: ഇന്ത്യൻ വംശജനായ പൊലീസുകാരൻ അമേരിക്കയിലെ ഹൂസ്റ്റണിൽ വെടിയേറ്റു മരിച്ചു. ടെക്സാസ് ഡെപ്യൂട്ടി പൊലീസ് ഒാഫീസറായ സന്ദീപ് സിങ് ദാലിവാൽ (40) ആണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തിൽ നിന്ന് ആദ്യമായ യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്.
പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ ടെക്സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സന്ദീപിന് നേരെ കാർ യാത്രക്കാരൻ വെടിവെക്കുകയായിരുന്നു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതാണ് യാത്രക്കാരനെ പ്രോകോപിപ്പിച്ചത്. സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കാറിൽ ഉണ്ടായിരുന്നു.
വെടിവെപ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിങ് സെന്‍ററിലേക്ക് ഒാടിക്കയറി. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സന്ദീപ് ദാലിവാൽ എല്ലാവർക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മീഷണർ ആഡ്രിയൻ ഗ്രേഷ്യ പറഞ്ഞു. നിരവധി പേർക്കുള്ള ഉദാഹരണമായിരുന്നു. ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം സ്വന്തം സമുദായത്തെ പ്രതിനിധീകരിച്ചത്. ഹാർവെ ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങൾ സന്ദീപ് ജനങ്ങൾക്ക് നൽകിയെന്നും ഗ്രേഷ്യ വ്യക്തമാക്കി.
പത്ത് വർഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു സന്ദീപ് ദാലിവാൽ. സിഖ് വിഭാഗത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാൻ സന്ദീപിന് പൊലീസ് വകുപ്പ് അനുമതി നൽകിയിരുന്നു. മൂന്നു കുട്ടികളുടെ പിതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.