ക്യൂബെക്: ലോകപ്രശസ്ത നിർമാണ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട കേസ് കാനഡയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നു. കമ്പനിക്കു വേണ്ടി അനധികൃതമായി ഇടപെടാൻ ശ്രമിച്ചുവെന്ന് ആരോപണം കേൾക്കുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനത്ത സമ്മർദം നേരിടുകയാണ്. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. അറ്റോണി ജനറലും നിയമമന്ത്രിയുമായിരുന്ന ജോഡി വിൽസൺ റെയ്ബൂഡ് രാജിവെച്ച് പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം കത്തിപ്പടർന്നത്.
കാനഡയിലെ ക്യൂബെക് ആസ്ഥാനമായ എസ്.എൻ.സി ലാവലിൻ 2001 മുതൽ ’11 വരെയുള്ള 10 വർഷം ലിബിയയിൽ വിവിധ കരാറുകൾ നേടാനായി 48 ദശലക്ഷം ഡോളർ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നതാണ് ആരോപണങ്ങളുെട അടിസ്ഥാനം. ഏകാധിപതി കേണൽ മുഅമ്മർ ഖദ്ദാഫിയായിരുന്നു ഇൗ കാലത്ത് ലിബിയ ഭരിച്ചിരുന്നത്. കാനഡയിൽ ഇതു വിവാദമായതോടെ വിചാരണ ഒഴിവാക്കാൻ കമ്പനി ശ്രമം തുടങ്ങി. കമ്പനിക്കുവേണ്ടി ഇടപെട്ട ജസ്റ്റിൻ ട്രൂഡോ, അറ്റോണി ജനറലായിരുന്ന ജോഡി വിൽസണിനോട് വിചാരണ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. പക്ഷേ, അവർ വഴങ്ങിയില്ല.
ട്രൂഡോയും അദ്ദേഹത്തിെൻറ സ്റ്റാഫും മാസങ്ങളോളം തനിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നതായി വിൽസൺ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ലാവലിനെപ്പോലെയുള്ള കൂറ്റൻ കമ്പനിയെ വിചാരണ ചെയ്യുന്നത് വൻതോതിൽ തൊഴിൽനഷ്ടവും ഭരണകക്ഷിക്ക് വോട്ടുനഷ്ടവും ഉണ്ടാക്കുമെന്നതായിരുന്നു വാദം. വരുന്ന ഒക്ടോബറിൽ കാനഡയിൽ തെരെഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ജനുവരിയിൽ ജോഡി വിൽസണിനെ നിയമവകുപ്പിൽനിന്ന് മാറ്റി, താരതമ്യേന അപ്രധാനമായ മുതിർന്ന പൗരന്മാരുടെ ക്ഷേമവകുപ്പിൽ നിയമിച്ചു.ഇതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, തൊഴിലുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ആരോപിക്കപ്പെടുന്നതുപോലെ അനധികൃതമായൊന്നും ചെയ്തിട്ടില്ലെന്നുമാണ് ട്രൂഡോയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.