വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂർണമായും ഉപേക്ഷിക്കുകയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് 19 പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ട്രംപിൻെറ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ് നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന് ആരോപണം ട്രംപ് ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് സംഘടനക്കുള്ള ഫണ്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. സംഘടന പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഫണ്ടിങ് പൂർണമായും നിർത്തിവെക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു.
ലോകാരോഗ്യസംഘടന പരിഷ്കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ചൈനയിൽ നിന്ന് വൈറസിനെ കുറിച്ച് ലോകത്തിന് ഉത്തരങ്ങൾ വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന രാജ്യമാണ് യു.എസ്. ഏകദേശം 400 മില്യൺ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.