വാഷിങ്ടൺ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്ക. 85749 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ ഇത് 81340ഉം ഇറ്റലിയിൽ 80589ഉമാണ്. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ് നിയന്ത്രണം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
‘കൊറോണ വൈറസ് ലോകത്താകെ നാശംവിതക്കുന്ന സാഹചര്യം സംബന്ധിച്ച് ചൈനീസ് പ്രസിഡൻറ് ഷിയുമായി ചർച്ച നടത്തി. വൈറസിനെക്കുറിച്ച് ചൈന നല്ല ധാരണ കൈവരിച്ചിട്ടുണ്ട്. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും’ ട്രംപ് ട്വിറ്ററിൽ കുറിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റ് മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിന് ഇരുപക്ഷവും ഒരുമിക്കണമെന്ന് ഷി ജിൻപിങ് ആവശ്യപ്പെട്ടതായി ചൈനീസ് വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. പഴിചാരലും സംഘർഷവും ഒഴിവാക്കി പരസ്പര ബഹുമാനം നിലനിർത്തണം. യു.എസിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷസംന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
Just finished a very good conversation with President Xi of China. Discussed in great detail the CoronaVirus that is ravaging large parts of our Planet. China has been through much & has developed a strong understanding of the Virus. We are working closely together. Much respect!
— Donald J. Trump (@realDonaldTrump) March 27, 2020
കോവിഡ് പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ശീതസമരത്തിനാണ് ഇതോടെ തിരശ്ശീല വീണത്. കൊറോണ വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ട്രംപ് ഭരണകൂടം അതൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഏത് സാഹചര്യത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്നായിരുന്നു നിലപാട്. എന്നാൽ, രോഗബാധ വർധിച്ചതോടെ അന്താരാഷ്ട്രസഹായം തേടാൻ നിർബന്ധിതനാകുകയായിരുന്നു. കൊറോണ വൈറസ് പരിശോധന കിറ്റുകള്‍ക്കായി ദക്ഷിണ കൊറിയയുടെ സഹായം തേടിയത് ഈ മാറ്റത്തിെൻറ സൂചനയായിരുന്നു.
കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നായിരുന്നു ട്രംപ് ആദ്യം വിശേഷിപ്പിച്ചത്. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു. ഡബ്ല്യു.എച്ച്.ഒ ചൈനയുടെ പക്ഷം ചേർന്നതായും ചൈനയിലെ രോഗബാധിതരുടെ കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. യുഎസിൽ മികച്ച പരിശോധനാ സംവിധാനമുള്ളത് കൊണ്ടാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധന കാണിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ചൈനയിലേക്ക് വൈറസ് എത്തിച്ചത് യുഎസ് സൈനികരാകാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും പ്രസ്താവന നടത്തിയിരുന്നു.
അതേസമയം, കോവിഡ് 19നെ ഫലപ്രദമായി നേരിടുന്നതിൽ ചൈന ഏറെ മുന്നോട്ട് പോയതായാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച 81340 പേരിൽ 74588 പേരും സുഖം പ്രാപിച്ചു. നിലവിൽ 3460 രോഗികളാണ് ചൈനയിൽ ശേഷിക്കുന്നത്. എന്നാൽ, അമേരിക്കയിലാകട്ടെ, 85749 രോഗബാധിതരിൽ 1868 പേർക്ക് മാത്രമാണ് ഇതുവരെ അസുഖം ഭേദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.