വാഷിങ്ടൺ: ചൈനീസ് ഭരണകൂടത്തിന് അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന 1.70 ലക്ഷം അക്കൗണ്ടുകൾ അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ അടച്ചുപൂട്ടി. അവയിൽ പലതും കോവിഡുമായി ബന്ധപ്പെട്ട് ചൈനയെ വെള്ളപൂശുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും പങ്കുവെക്കുന്ന അക്കൗണ്ടുകളാണെന്നും ട്വിറ്റർ അധികൃതർ വ്യക്തമാക്കി.
ട്വിറ്ററിൽ വളരെ സജീവമായ 23,570 അക്കൗണ്ടുകളുടെ ഒരു ശൃംഘല തന്നെ നീക്കിയതായും അതോടൊപ്പം 1.5 ലക്ഷത്തോളം വരുന്ന മറ്റ് അക്കൗണ്ടുകളും തുടച്ചുനീക്കിയെന്നും ട്വിറ്റർ അറിയിച്ചു. റഷ്യ കേന്ദ്രീകരിച്ചുള്ള ആയിരക്കണക്കിന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്. ട്വിറ്ററിെൻറ നയത്തിൽ നിന്നും വ്യതിചലിച്ചതിനാണ് നടപടി.
പീപ്പിൾസ് റിപബ്ലിക് ഒാഫ് ചൈന (പി.ആർ.സി) അടിസ്ഥാനമാക്കിയാണ് ചൈനയുടെ ട്വിറ്റർ ഹാൻറിലുകൾ പ്രവർത്തിക്കുന്നതത്രേ. ഫേസ്ബുക്കിലും യൂട്യൂബിലും മുമ്പ് ചൈനീസ് ഭരണകൂടത്തിെൻറ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയ ഒാപറേഷനുമായി പുതിയ ട്വിറ്ററിലെ പ്രവർത്തനങ്ങൾക്ക് ബന്ധമുണ്ടെന്നും അധികൃതർ ആരോപിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുള്ള വിശദീകരണങ്ങളും ചൈനയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് പ്രധാനമായും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്.
23,750 അക്കൗണ്ടുകളാണ് ചൈനയെ അനുകൂലിച്ചുള്ള ട്വീറ്റുകളും സുദീർഘമായ ലേഖനങ്ങളും പങ്കുവെക്കുന്നത്. അത്, പ്രചരിപ്പിക്കാനാണ് ഒന്നര ലക്ഷം വരുന്ന മറ്റ് അക്കൗണ്ടുകൾ. പ്രധാനമായും ചൈനീസ് ഭാഷയിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന ഇത്തരം അക്കൗണ്ടുകളുടെ ലക്ഷ്യം കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ചൈനക്ക് അനുകൂലമായ രാഷ്ട്രീയ വിവരണങ്ങൾ പ്രചരിപ്പിക്കലാണ്. ഹോേങ്കാങ്ങിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളും പങ്കുവെക്കുന്നതായി ട്വിറ്റർ വ്യക്തമാക്കുന്നു.
ട്വിറ്ററക്കമുള്ള വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചൈന നിരോധിച്ചതാണെങ്കിലും വി.പി.എൻ പോലുള്ള ആപ്പുകൾ വഴി ചൈനക്കാർ ഇപ്പോഴും ഉപയോഗം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശത്ത് ജോലി ചെയ്യുന്ന ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടാണ് ഇത്തരക്കാരുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.