വാഷിങ്ടൺ: സൗദി അറേബ്യ ആക്രമിക്കാൻ യമനിലെ ഹൂതി വിമതർക്ക് സഹായം നൽകുന്ന ഇറാനെതിരെ യു.എൻ ഉപരോധം ആവശ്യപ്പെട്ട് യു.എസ്. ഹൂതികൾ വഴി സൗദിക്കെതിരെ ആക്രമണം നടത്താനാണ് ഇറാെൻറ പദ്ധതിയെന്നും യു.എസ് ആരോപിച്ചു. ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈൽ നൽകുന്ന ഇറാൻ യുദ്ധം ക്ഷണിച്ചുവരുത്തുകയാണെന്ന് കഴിഞ്ഞദിവസം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ മുന്നറിയിപ്പു നൽകിയിരുന്നു. ശനിയാഴ്ചയാണ് ഹൂതികൾ റിയാദ് വിമാനത്താവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. മിസൈൽ സൗദി വെടിവെച്ചിടുകയായിരുന്നു.
ഇറാൻ നൽകിയ മിസൈൽ ഉപയോഗിച്ചാണ് കഴിഞ്ഞ ജൂലൈയിലും സൗദിക്കെതിരെ ഹൂതി വിമതർ ആക്രമണം നടത്തിയതെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി ആരോപിച്ചു. ഇപ്രകാരം മാരകായുധങ്ങൾ കൈമാറ്റം ചെയ്തതു വഴി ഇറാൻ യു.എൻ പ്രമേയം ലംഘിച്ചിരിക്കുകയാണ്. അതിന് ശക്തമായ തിരിച്ചടി നൽകേണ്ടത് ആവശ്യമാണെന്നും യു.എന്നിൽ ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധ നടപടികൾക്ക് സമ്മർദ്ദം ചെലുത്തുമെന്നും അവർ വ്യക്തമാക്കി.
അടുത്തിടെയാണ് ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായത്. യമനിൽ ഇരുരാജ്യങ്ങളും വിരുദ്ധചേരികളെയാണ് പിന്തുണക്കുന്നത്. ഹൂതികൾക്ക് നൽകുന്ന പിന്തുണ ഇറാൻ അവസാനിപ്പിക്കണമെന്ന് സൗദി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 2015 മുതൽ സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.