ട്രംപിനെതിരെ ബില്ലവതരിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍

യു.എസ് ജനതയില്‍നിന്നു മാത്രമല്ല, സാമാജികര്‍ക്കിടയില്‍നിന്നും ട്രംപിനെതിരെ പ്രതിഷേധം ഉയരുന്നു. രാജ്യത്തേക്ക് കടന്നുവരുന്ന മുസ്ലിംകളുടെ നേര്‍ക്കുള്ള വിവേചന ഉത്തരവിനെതിരെ യു.എസ് സെനറ്റില്‍ രണ്ട് നിര്‍ണായക ബില്ലുകള്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമായ ദിയന്നെ ഫെന്‍സ്റ്റീന്‍ അറിയിച്ചു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പ്രധാന അംഗം കൂടിയാണ് ഇവര്‍. ഉത്തരവ് അസാധുവാക്കുന്നതിനുവേണ്ടിയായിരിക്കും ഫെന്‍സ്റ്റിന്‍െറ ആദ്യ ബില്‍. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ടില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് രണ്ടാമത്തേത്.

രാജ്യത്തേക്ക് പ്രവേശിക്കാനാവുന്ന ജനങ്ങളെ വിഭാഗീകരിക്കുന്നതിനുള്ള പ്രസിഡന്‍റിന്‍െറ അധികാരത്തിനുമേല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ മേല്‍നോട്ടം ഉറപ്പുവരുത്തണമെന്ന ഭേദഗതിയായിരിക്കും ഇത് മുന്നോട്ടുവെക്കുക. ഇതനുസരിച്ച്, ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതിന്‍െറ 30 ദിവസം മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. നടപടിക്കു പിന്നിലെ യുക്തി, അതുളവാക്കുന്ന സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ ഫലം തുടങ്ങിയവ വിശകലനം ചെയ്യാന്‍ വേണ്ടിയാണിത്. അഭയാര്‍ഥികളുടെ വിഭാഗീകരണത്തില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രസിഡന്‍റ് ബാധ്യസ്ഥനായിരിക്കും.

 പ്രസിഡന്‍റിന്‍െറ ഉത്തരവ്  ഉടന്‍  റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും അതുണ്ടാക്കുകയെന്നും ഫെന്‍സ്റ്റീന്‍ പ്രതികരിച്ചു. പ്രസിഡന്‍റിന്‍െറ നടപടി ഭരണഘടനാനുസൃതമല്ളെന്ന് മാത്രമല്ല, അധാര്‍മികവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - us democrats to donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.