വാഷിങ്ടൺ: യു.എസിൽ തടവിലുള്ള ഇന്ത്യക്കാരായ 1793 അനധികൃത കുടിയേറ്റക്കാരിൽ ആദ്യ സംഘമായ 161 പേർ ചൊവ്വാഴ്ച നാട്ടിലെത്തും. മെക്സികോ അതിർത്തി വഴി യു.എസിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ പിടിയിലായ ഇവരെ പ്രത്യേക വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിലേക്ക് കൊണ്ടുവരും. ഹരിയാന (76 പേർ), പഞ്ചാബ് (56) സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. കേരളം, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.
യു.എസിലെ 95 ജയിലുകളിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. 2018ൽ 611 ഇന്ത്യക്കാരെ യു.എസ് നാടുകടത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 1616 ആയി. ഈ വർഷം നാടുകടത്തപ്പെടുന്ന ആദ്യ സംഘത്തിൽ മൂന്നു സ്ത്രീകളുമുണ്ട്.
അതിർത്തി കടക്കുന്നതിനിടെ പിടിയിലായ ഇവർ യു.എസിൽ അഭയം ആവശ്യപ്പെട്ട് കത്തുനൽകിയതാണെങ്കിലും കോടതി തള്ളുകയായിരുന്നു.
ഉത്തരേന്ത്യയിൽ വിശിഷ്യ, പഞ്ചാബിൽ യു.എസിലേക്കുള്ള മനുഷ്യക്കടത്ത് സംഘങ്ങൾ സജീവമാണെന്നും 35- 50 ലക്ഷം വാങ്ങിയാണ് ആളുകളെ കടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.