വാഷിങ്ടൺ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെങ്കിൽ യു.എസിനെ കാത്തിരിക്കുന്നത് ഇരുണ്ട ശൈത്യകാലമെന്ന് വിസിൽബ്ലോവർ ഡോ. റിക് ബ്രൈറ്റ്. ഒന്നും അവസാനിച്ചെന്ന് കരുതേണ്ട. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാലേ കോവിഡിനെ തടുക്കാനാവൂ. കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിനാണ് ട്രംപ് ഭരണകൂടം തന്നെ പുറത്താക്കിയതെന്നും യു.എസ് കോൺഗ്രഷനൽ കമ്മിറ്റിക്കു മുമ്പിൽ ബ്രെറ്റ് പറഞ്ഞു.
യു.എസിലെ പ്രമുഖ ഇമ്മ്യൂണോളജിസ്റ്റ് കൂടിയാണിദ്ദേഹം. വൈറസിനെ തടയാൻ ദുർബലമായ പ്രതിരോധ നടപടികളാണ് യു.എസ് സ്വീകരിച്ചതെന്നാണ് ബ്രെറ്റിെൻറ വാദം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് ബ്രെറ്റ് പറയുന്നത്. കഴിഞ്ഞ മാസമാണ് ബ്രൈറ്റിനെ ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻറ് ഡെവലപ്മെൻറ് അതോറിറ്റി ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത്.
അതേസമയം, യു.എസ് വിപണി എത്രയും വേഗംതുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അസംതൃപ്തനായ ജീവനക്കാരനാണ് ബ്രൈറ്റ് എന്നുമാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ലോക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് നേരത്തേ വൈറ്റ്ഹൗസ് ഡോക്ടർ ആൻറണി ഫൗസിയും മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ഫൗസിയെ പുറത്താക്കണമെന്നും റിപ്പബ്ലിക്കൻ സഖ്യകക്ഷികൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
യു.എസിൽ 14 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിതരാണ്. മരണം 82,000 കടന്നിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.