വാഷിങ്ടണ്‍: അടിയന്തരഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് റെംഡെസിവിര്‍ മരുന്ന് നൽകുന്നതിന് അംഗീകാരം നൽകി യു.എസ്. ആൻറി വൈറല്‍ മരുന്നായ റെംഡെസിവിറിൻെറ ക്ലിനിക്കല്‍ പരിശോധനയില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് കോവിഡ് ബാധിതരിൽ അടിയന്തര ഉപയോഗത്തിനായി മരുന്ന് നൽകാൻ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയത്.
ആദ്യമായാണ് ഒരു മരുന്ന് കോവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശരിക്കും പ്രതീക്ഷ നല്‍കുന്ന സാഹചര്യമാണെന്നും വൈറ്റ്ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യു.എസ് കമ്പനിയായ ഗിലെയാദ് നിര്‍മ്മിച്ചതാണ് റെംഡെസിവിര്‍. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കായുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് ഗിലെയാദ് സി.ഇ.ഒ ഡാനിയേല്‍ ഓഡേ പറഞ്ഞു.
1.5 കോടി ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗിലെയാദ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് 140000 കോഴ്സുകൾ ഉണ്ടാകും. കുത്തിവെപ്പ് വഴിയാണ് റെംഡെസിവിര്‍ നൽകുക. പത്ത് ദിവസം തുടർച്ചയായി മരുന്ന് നൽകും. ഇങ്ങനെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിൽ പങ്കാളികളായ ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. ഇവർ മറ്റ് മരുന്ന് നൽകുന്ന രോഗികളേക്കാൾ 31 ശതമാനം വേഗത്തിൽ രോഗമുക്തി നേടിയെന്ന് യു.എസ് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഡിസീസ് (എന്‍.ഐ.എ.ഐ.ഡി) അറിയിച്ചിരുന്നു.
ആയിരത്തിലകം പേരില്‍ പരീക്ഷിച്ച് ഫലം ലഭിച്ചതായും മരുന്ന് പരീക്ഷിച്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ സാധാരണ രോഗികളെക്കാള്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവെന്നും എന്‍.ഐ.എ.ഐ.ഡി ബുധനാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.