വാഷിങ്ടൺ: ലോകത്തെ ഒന്നാകെ ചാരമാക്കാൻശേഷിയുള്ള വൻശേഖരം കൈയിലിരിക്കെ വീണ്ടും ആണവായുധം നിർമിക്കാൻ അമേരിക്ക ഒരുങ്ങുന്നു. യു.എസ് അന്തർവാഹിനികളിൽനിന്ന് തൊടുക്കുന്ന ട്രിഡൻറ് മിസൈലുകളിൽ ഉപയോഗിക്കാനാവുന്ന ആണവായുധങ്ങളാണ് അമേരിക്ക നിർമിക്കുകയെന്ന് അമേരിക്കൻ പത്രം ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിൽ വിന്യസിക്കാനാവുന്ന ആണവായുധ സജ്ജമായ ക്രൂസ് മിസൈലും പെൻറഗൺ പുതിയതായി പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രസിഡൻറ് ട്രംപ് നിർദേശിച്ച ന്യൂക്ലിയർ പോസ്ചർ റിവ്യൂവിെൻറ കരടിലാണ് നിർദേശം. ഇതോടെ 2010ൽ യു.എസ് താൽക്കാലികമായി നിർത്തിവെച്ച ആണവായുധ നിർമാണത്തിന് വീണ്ടും ജീവൻ വെക്കും.
റഷ്യയും ചൈനയും ആണവായുധ രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തുന്നുവെന്നും ഇരുവരുമായി യുദ്ധമുണ്ടാകുന്നപക്ഷം പ്രതികരിക്കാൻ ഇവ ആവശ്യമാണെന്നും പറഞ്ഞാണ് വീണ്ടും ആണവായുധം നിർമിക്കുന്നത്. മൊത്തം പെൻറഗൺ ബജറ്റിെൻറ 6.4 ശതമാനം ചെലവു വരുന്നതാണ് പദ്ധതി.
6,800 ആണവായുധങ്ങൾ സ്വന്തമായുള്ള റഷ്യക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് യു.എസ്. എന്നാൽ, ശേഷിയിൽ റഷ്യക്കും മുകളിലാണെന്ന് വിദഗ്ധർ പറയുന്നു. എണ്ണത്തിൽ തന്നെയും യു.എസ് മുന്നിലാണെന്ന് പറയുന്നവരും ഏറെ.
പ്രകോപനമുണ്ടായാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന ട്രംപിെൻറ മുൻ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.