കുടിയേറ്റ വിരുദ്ധ മുദ്രാവാക്യം ഉയർത്തി റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിന്‍റെ പൂർവികർ ജർമൻകാരാണെന്ന് റിപ്പോർട്ട്. വിഖ്യാത ജർമൻ സംവിധായക സിമോണെ വെൻഡൽ "കിങ്‌സ് ഓഫ് കാൾസ്റ്റട്ട്" എന്ന ഡോക്കുമെന്‍ററി ഫിലിമിലൂടെയാണ് ഇക്കാര്യം തുറന്നു കാട്ടുന്നത്. ഇപ്പോൾ കുടിയേറ്റക്കാർക്കെതിരെ ശബ്ദമുയർത്തുന്ന ഡൊണാൾഡ് ട്രംപ് എല്ലാ അർഥത്തിലും ജർമൻകാരനാണെന്ന് ഡോക്കുമെന്‍ററി വെളിപ്പെടുത്തുന്നു.
മുന്തിരിത്തോട്ടങ്ങളുടെ നഗരമായ ജർമനിയിലെ റയിൻലാൻഡ് പ്രവിശ്യയിലെ കാൾസ്റ്റഡിൽ നിന്ന് 1885ൽ ന്യൂയോർക്കിൽ അഭയാർഥിയായി എത്തിയ ഫെഡറിക്ക് ട്രംപ് സ്വർണ ഖനികൾ ലക്ഷ്യമാക്കിയാണ് അവിടെ എത്തിയത്. എന്നാൽ, അനാരോഗ്യം കാരണം നേരിട്ട് ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ കാനഡ-അമേരിക്ക അതിർത്തിയിലെ ഖനനമേഖലയിലെ തൊഴിലാളികൾക്കായി ഭക്ഷണശാലകൾ തുറന്നു പ്രവർത്തിപ്പിച്ചു.
അവിടെ നിന്നുള്ള വരുമാനം സ്വർണമായിത്തന്നെ ന്യൂയോർക്കിൽ താമസിച്ചിരുന്ന ഭാര്യ എലിസബത്തിന് എത്തിച്ചു കൊണ്ടിരുന്നു. അതാണ് പിൽക്കാലത്തു ട്രംപ് കുടുംബത്തിന്‍റെ വ്യാപാര, വ്യവസായ ശൃംഖലകളുടെ അടിസ്ഥാന മൂലധനമായി മാറിയതെന്നും ഡോക്കുമെന്‍ററിയിൽ പറയുന്നു.
കാൾസ്റ്റഡിലെ ഫെയ്‌സ് ഹൈയിം 20ലെ ട്രംപ് കുടുംബ മന്ദിരം ഇന്നും അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. ട്രംപിന്‍റെ കുടുംബ കല്ലറയും അവിടെ തന്നെയാണുള്ളത്. ഇങ്ങിനെ ഒരു കുടിയേറ്റക്കാരന്‍റെ ചെറുമകനാണ് അധികാരത്തിൽ എത്തിയാൽ കുടിയേറ്റം നിരോധിക്കും എന്ന പ്രഖ്യാപനവുമായി ഇപ്പോൾ യു.എസ് പ്രസിഡന്‍റാകാൻ മത്സരിക്കുന്നത്...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.