വാഷിങ്ടൺ: വൻശക്തികളുമായുണ്ടാക്കിയ ആണവകരാർ പ്രകാരം ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിച്ച തീരുമാനം ട്രംപ് ഭരണകൂടം പുന:പരിശോധിക്കുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ ട്രംപ് ഭരണകൂടം ഉന്നതതല സമിതിയെ നിയോഗിച്ചു. ഇറാൻ തീവ്രവാദത്തിെൻറ ഒത്താശ ചെയ്യുന്നവരെന്ന് വാഷിങ്ടൺ ആരോപിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ദേശീയ സുരക്ഷയുടെ ഭാഗമായി ഉപരോധങ്ങൾ പുനസ്ഥാപിക്കണോ എന്നു പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചത്.
ഇതുപ്രകാരം മൂന്നുമാസത്തിനിടെ ഇറാൻ ആണവകരാർ അനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്നും അമേരിക്കൻ സുരക്ഷക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോയെന്നും പരിശോധിച്ച് അമേരിക്കൻ വിദേശകാര്യവകുപ്പ് കോൺഗ്രസിന് വിവരം നൽകണം. ട്രംപ് ഭരണകൂടത്തിനുകീഴിൽ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.
അന്വേഷണം പൂർത്തിയായൽ കോൺഗ്രസുമായി ആലോചിച്ച് ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിക്കും.
അതേസമയം, ആണവകരാർ വ്യവസ്ഥകൾ ഇറാൻ പിന്തുണക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ അംഗീകരിച്ചിരുന്നു. എന്നാൽ തീവ്രവാദം വളർത്തുന്നതിൽ ഇറാൻ നൽകുന്ന സംഭാവനകളെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം ജനപ്രതിനിധിസഭ സ്പീക്കർ പോൾ റയാന് എഴുതിയ കത്തിൽ വ്യക്തമാക്കി.
യു.എസ്, ചൈന, റഷ്യ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ ആറു പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇറാെൻറ ചരിത്രപരമായ ആണവകരാർ 2015ലാണ് നിലവിൽവന്നത്. ഇറാൻ ആണവപരീക്ഷണങ്ങളിൽനിന്ന് പിൻവാങ്ങുന്നതിന് പകരമായി സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്നതായിരുന്നു കരാർ.
കരാർ പ്രകാരം ആണവശക്തി വികസനം തല്‍ക്കാലം മരവിപ്പിക്കുമെന്നും നിലവിലുള്ള ആണവശേഷിയുടെ മൂന്നിലൊന്ന് വെട്ടിക്കുറക്കുമെന്നും ഇറാന്‍ സമ്മതിച്ചിരിക്കുന്നു. പകരം 13 കൊല്ലമായി വന്‍ശക്തികള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത ഉപരോധം പടിപടിയായി നീക്കം ചെയ്യും. കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഉപരോധമുൾപ്പെെടയുള്ളവ പുനഃസ്ഥാപിക്കുമെന്നും യു.എസ് മുന്നറിയിപ്പു നൽകിയിരുന്നു.
സിറിയ, ഇറാഖ്, യമൻ എന്നീ രാജ്യങ്ങളിൽ ആഭ്യന്തരസംഘർഷങ്ങളെയും ഹിസ്ബുല്ലയെയും പിന്തുണക്കുന്നതുമൂലം തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നവരാണ് ഇറാനെന്ന് കാലങ്ങളായി യു.എസ് ഉന്നയിക്കുന്ന ആരോപണമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ലോകത്തെ തീവ്രവാദ രാഷ്ട്രങ്ങളിലൊന്നായ ഇറാനുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ ആണവകരാർ വൻ അബദ്ധമാണെന്ന് ട്രംപ് വിലയിരുത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കരാറിനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.