വാഷിങ്ടൺ: ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ. ഉത്തരവ് യു.എസ് ഫെഡറൽ കോടതി മരവിപ്പിച്ചിരുന്നു. കീഴ്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അടിയന്തരമായി പരിഗണിക്കേണ്ട രണ്ട് അപ്പീലുകളാണ് അമേരിക്കൻ നീതിന്യായവകുപ്പ് സമർപ്പിച്ചിരിക്കുന്നത്. യാത്രികർക്ക് നിരോധനമേർപ്പെടുത്താനുള്ള ട്രംപിെൻറ ഉത്തരവ് യു.എസിനകത്തും പുറത്തും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രധാനപ്പെട്ട ഇൗ കേസ് പരിഗണിക്കണമെന്ന് പരമോന്നത കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിെൻറ ഉത്തരവ് പ്രാബല്യത്തിലാവുമെന്നും തീവ്രവാദത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും നീതിന്യായവകുപ്പ് വക്താവ് സാറ ഇസ്ഗർ ഫ്ലോറസ് പറഞ്ഞു.
തീവ്രവാദത്തെ സംരക്ഷിക്കുന്ന രാജ്യങ്ങളിൽനിന്നുള്ള യാത്രികരെ അമേരിക്കയിലേക്ക് കടക്കാൻ അനുവദിക്കേണ്ടതിെൻറ ബാധ്യത ട്രംപിനില്ലെന്നും നീതിന്യായ വക്താവ് അറിയിച്ചു. ജനുവരിയിൽ ട്രംപ് പുറത്തിറക്കിയ യാത്ര നിരോധനത്തിനുള്ള ഉത്തരവ് വാഷിങ്ടണിലെയും മിനിസോടയിലെയും കോടതികളാണ് സ്റ്റേ ചെയ്തത്. ആദ്യം സിറിയ, ഇറാൻ, ഇറാഖ്, സുഡാൻ, സോമാലിയ, ലിബിയ, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നുമാസത്തേക്ക് യു.എസിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്. നിയമപ്രശ്നങ്ങളെ തുടർന്ന് മാർച്ചിൽ ഇറാഖിനെ ഒഴിവാക്കി പരിഷ്കരിച്ച് ഉത്തരവിറക്കിയെങ്കിലും ഹവായ് കോടതി മരവിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.