വാഷിങ്ടൺ: അമേരിക്കൻ വിമാന കമ്പനികൾ പാകിസ്താൻ വ്യോമപാത ഉപയോഗിക്കരുതെന്ന നിർദേശവുമായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. തീവ്രവാദ ഭീഷണിയുള്ളതിനാൽ യു.എസ് വിമാനങ്ങൾ പാക് വ്യോമപാതയിലൂടെ പറക്കരുതെന്നാണ് നിർദേശം.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ യു.എസ് വിമാനങ്ങളെ ലക്ഷ്യം വെച്ചേക്കാമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ യു.എസ് വിമാന കമ്പനികൾക്കും യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൈലറ്റ് മാർക്കും എഫ്.എ.എ നോട്ടീസ് അയച്ചിട്ടുണ്ട്.
പാകിസ്താനിലെ ഭീകരരുടെ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളും യു.എസ് സ്റ്റേറ്റ് വിമാനങ്ങളും പാക് വ്യോമാതിർത്തി ഒഴിവാക്കി യാത്ര ചെയ്യണമെന്നാണ് നിർദേശം. പാക് വ്യോമാതിർത്തി വഴി സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്താനും നിർദേശിച്ചിട്ടുണ്ട്.
യു.എസ് വിമാനങ്ങൾ ലക്ഷ്യമിട്ട് പാക് വിമാനത്താവളങ്ങളിൽ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. വിമാനം താഴ്ന്നു പറക്കുന്ന അവസ്ഥയിലോ, വിമാനം ഇറക്കുകയോ പറന്നുയരുകയോ ചെയ്യുന്ന ഘട്ടത്തിലോ ആക്രമണ സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ യു.എസ് വിമാനങ്ങളെ ലക്ഷ്യം വെച്ച് ചെറു വ്യോമ ആയുധങ്ങൾ ഉപയോഗിച്ചോ, ആൻറി എയർക്രാഫ്റ്റ് ഫയർ തുടങ്ങിയ വ്യോമആയുധങ്ങൾ ഉപയോഗിച്ചോ ആക്രമണം നടത്തിയേക്കാമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു. പാകിസ്താനിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ വീഴ്ചകളോ പൈലറ്റുമാർ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.