ട്രംപിനെ പിന്തുണക്കാതെ ലോകം

വാഷിങ്ടണ്‍: ഏഴു മുസ്ലിം രാജ്യക്കാരെയും അഭയാര്‍ഥികളെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. നടപടിയെ പിന്തുണക്കാനാവില്ളെന്ന് വിവിധ യൂറോപ്യന്‍ രാഷ്ട്രനേതാക്കളടക്കം പ്രതികരിച്ചു. അതിനിടെ, നടപടിക്കെതിരെ വിവിധ തുറകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

പിന്തുണക്കാനാവില്ല –തെരേസ മെയ്

അമേരിക്കന്‍ ഭരണകൂടം അഭയാര്‍ഥി വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ പിന്തുണക്കാനാവില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഭയാര്‍ഥികളോടുള്ള യു.എസ് നയം അവരുടെ സര്‍ക്കാര്‍ കാര്യമാണ്. ഇതുപോലുള്ള നിയമം ബ്രിട്ടനിലും പാസാക്കുക എന്നത് സാധ്യമല്ല. പുതിയ നിയമം ബ്രിട്ടീഷ് പൗരന്മാരെ ബാധിച്ചാല്‍ ഇടപെടും -പ്രസ്താവന വ്യക്തമാക്കി. നേരത്തേ ട്രംപിന്‍െറ നടപടിക്കെതിരെ പ്രതികരിക്കാന്‍ സന്നദ്ധമാകാത്ത മെയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മെയ്യുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി നാദിം സഹാവിയെയും കുടുംബത്തെയും പുതിയ നിയമം ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇദ്ദേഹവും ഭാര്യയും ഇറാഖിലാണ് ജനിച്ചത്.

യോജിച്ച യൂറോപ്യന്‍ നിലപാടുണ്ടാകണം –ഫ്രാങ്സ്വ ഓലന്‍ഡ്

അമേരിക്കയിലെ പുതിയ ഭരണകൂടം തന്നിഷ്ടത്തോടെ സ്വീകരിക്കുന്ന നിലപാടുകളില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന് അതൃപ്തി. എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഒരു ചര്‍ച്ചയുമില്ലാതെ നിലപാട് സ്വീകരിക്കുന്നതിനെതിരെ ശക്തമായ സംവാദത്തിന് തയാറാകണമെന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 
അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള നിയമത്തിന്‍െറ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിന്‍െറ പ്രസ്താവന. പരമ്പരാഗതമായി അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളെ പരിഗണിക്കാതെയുള്ള നിലപാടില്‍ ഫ്രാന്‍സിന് അതൃപ്തിയുണ്ട്. നേരത്തേ ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന നിയമങ്ങള്‍ ബഹുമാനിക്കപ്പെടണമെന്ന് ഓലന്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ന്യായീകരിക്കാനാവില്ല –മെര്‍കല്‍

അമേരിക്ക അഭയാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച പുതിയ നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കി. ചില രാജ്യങ്ങള്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരായി കൊണ്ടുവന്ന നിയമം ദു$ഖകരമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്‍െറ പേരുപറഞ്ഞായാലും പ്രത്യേക മത-വംശീയ വിഭാഗങ്ങളെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുന്ന നടപടികള്‍ ഭൂഷണമല്ല. ജര്‍മന്‍ പൗരന്മാരെ ഇത് ബാധിക്കുമോ എന്നും ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന പ്രതിസന്ധിയും പരിശോധിക്കും -പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപുമായി മെര്‍കല്‍ ഫോണ്‍ വഴി സംസാരിച്ചിരുന്നു. റഷ്യയുമായുള്ള ബന്ധവും മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിയും ചര്‍ച്ചയില്‍ കടന്നുവന്നിരുന്നു.

തീവ്രവാദത്തിനെതിരായ നീക്കത്തെ ബാധിക്കും –ഇന്തോനേഷ്യ
അഭയാര്‍ഥികള്‍ക്കും മുസ്ലിം രാജ്യങ്ങള്‍ക്കുമെതിരായ അമേരിക്കന്‍ ഭരണകൂടത്തിന്‍െറ നടപടികള്‍ തീവ്രവാദത്തിനെതിരായ നീക്കങ്ങളെ ബാധിക്കുമെന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യ. ഏതെങ്കിലും മതവിഭാഗവുമായി തീവ്രവാദത്തെ കൂട്ടിക്കെട്ടുന്നത് അപകടകരമാണ്. പ്രത്യേക രാജ്യക്കാരെ പുറത്തുനിര്‍ത്തുന്നത് ദു$ഖകരമാണ് -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 
അമേരിക്കയില്‍ കഴിയുന്ന ഇന്തോനേഷ്യന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും അതിക്രമങ്ങള്‍ക്കിരയാവുന്നപക്ഷം അടുത്തുള്ള കോണ്‍സുലേറ്റിലോ എംബസിയിലോ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

അപലപിച്ച് കോര്‍പറേറ്റ് ലോകവും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ അമേരിക്കയിലെ വിവിധ കമ്പനികള്‍ അപലപിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍, ആപ്പിള്‍, നെറ്റ്ഫ്ളിക്സ്, ടെസ്ല, ഫേസ്ബുക്ക്, യൂബര്‍ തുടങ്ങിയ മള്‍ട്ടിനാഷനല്‍ കമ്പനികളാണ് നടപടിയെ അപലപിച്ചത്. തങ്ങളുടെ തൊഴിലാളികളെ നിയമം ബാധിക്കുമെന്നും അമേരിക്കയിലേക്ക് വിദഗ്ധ തൊഴിലാളികളെ എത്തിക്കുന്നതിന് ഇത് തടസ്സമാകുമെന്നും കമ്പനി മേധാവികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - world leaders condemns trumps decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.