2020ലെ ജനാധിപത്യ സൂചികയുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. 'ദ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂനിറ്റ്' പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യ 53ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പൗരത്വത്തിൽ മതം കലർത്തിയതും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളും കർഷക പ്രക്ഷോഭത്തിലെ കടുംപിടിത്തവും രാജ്യത്തിന്‍റെ റാങ്കിങിെല ഇടിവിന് കാരണമായി. 2019ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ 6.9 ൽ ആയിരുന്നത് 2020ൽ 6.61 ആയി കുറഞ്ഞു. 167 രാജ്യങ്ങളെയാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്.
'ഇന്ത്യയുടെ ജനാധിപത്യ മാനദണ്ഡങ്ങളിൽ വലിയ കുറവാണ് കഴിഞ്ഞ കുറേക്കാലമായി കാണപ്പെടുന്നത്. 2014 ൽ ഇന്ത്യയുടെ സ്കോർ 7.92 ആയിരുന്നു. 2020ൽ അത് 6.61 ആയി കുറഞ്ഞു. ആഗോള റാങ്കിങ് 27 (2014 ൽ) ൽ നിന്ന് 53ആം സ്ഥാനത്തേക്ക് ഇടിഞ്ഞു' -ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂനിറ്റ് പ്രതിനിധി പറഞ്ഞു. ഏറ്റവും പുതിയ ഡെമോക്രസി ഇൻഡക്സിൽ നോർവേയാണ് ഏറ്റവും മുന്നിൽ. ഐസ്‌ലൻഡ്, സ്വീഡൻ, ന്യൂസിലൻഡ്, കാനഡ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 167 രാജ്യങ്ങളിൽ 23 എണ്ണത്തെ സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളായും 52 എണ്ണം 'കുറവുള്ള' ജനാധിപത്യ രാജ്യങ്ങളായും 35 ഹൈബ്രിഡ് ഭരണകൂടങ്ങളായും 57 സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായും തരംതിരിച്ചിട്ടിണ്ട്.
യുഎസ്, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ 'കുറവുള്ള ജനാധിപത്യ'മായാണ് തരംതിരിച്ചിരിക്കുന്നത്. ഇന്ത്യയിലും തായ്‌ലൻഡിലും 'അധികാരികളുടെ ജനാധിപത്യ ധ്വംസനവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളും ആഗോള റാങ്കിങിൽ കൂടുതൽ ഇടിവിന് കാരണമായതായി" റിപ്പോർട്ട് പറയുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 'ഇന്ത്യൻ പൗരത്വം എന്ന സങ്കൽപ്പത്തിലേക്ക് മതപരമായ ഘടകം കൂട്ടിച്ചേർത്തതായും ഇത് ഇന്ത്യൻ ഭരണകൂടത്തിന്‍റെ മതേതര അടിത്തറയെ ദുർബലപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.
കൊറോണ രോഗബാധ അധികൃതർ കൈകാര്യം ചെയ്തരുതി 2020ൽ പൗരസ്വാതന്ത്ര്യത്തെ കൂടുതൽ ഇല്ലാതാക്കാൻ കാരണമായതായും റിപ്പോർട്ടിൽ പറയുന്നു. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഇന്ത്യക്ക് മെച്ചപ്പെട്ട സ്ഥാനമാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ 68ാം റാങ്കിലുള്ള ശ്രീലങ്കയേയും കുറവുള്ള ജനാധിപത്യമായി തരംതിരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് (76), ഭൂട്ടാൻ (84), പാകിസ്ഥാൻ (105) എന്നിവരെ 'സങ്കര ഭരണകൂടം' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന് 139ാം സ്ഥാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.