ലണ്ടൻ: ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ നടപ്പാക്കുന്നത് കടുത്ത വംശവെറിയെന്ന കുറ്റകൃത്യമെന്ന് ആംനെസ്റ്റി. അധഃകൃത വംശത്തോടെന്നപോലെയുള്ള പെരുമാറ്റമാണ് അവർക്കുനേരെ തുടരുന്നതെന്നും ചൊവ്വാഴ്ച പുറത്തുവിട്ട 25 പേജ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഫലസ്തീനികളുടെ ഭൂമിയും ആസ്തികളും പിടിച്ചെടുക്കൽ, നിയമം അനുവദിക്കാത്ത കൊലപാതകങ്ങൾ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, സഞ്ചാരസ്വാതന്ത്ര്യം മുടക്കൽ, അന്യായമായി തടവിലിടൽ, പൗരത്വവും ദേശീയ സ്വാതന്ത്ര്യവും നിഷേധിക്കൽ എന്നിങ്ങനെ അപാർത്തീഡിന്റെ ഭാഗമായതെല്ലാം ഇസ്രായേൽ നിർബാധം തുടരുകയാണ്. 1948ൽ നിലവിൽ വന്നതുമുതൽ ജൂത മേൽക്കൈ സ്ഥാപിക്കാനുള്ള കടുത്ത നടപടികളാണ് ഭരണകൂടം നടപ്പാക്കിവരുന്നത്.
കുടിയേറ്റ ജൂതർക്ക് സൗകര്യപ്രദമാകുംവിധം ഫലസ്തീനിലെ ഭൂമിക്കും വിഭവങ്ങൾക്കും മേൽ സമഗ്രാധിപത്യവും തുടരുന്നു. 1967ലെ യുദ്ധത്തോടെ ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായിരുന്ന ഭൂമിയൊക്കെയും ഇസ്രായേൽ അധിനിവേശം നടത്തിയിരുന്നു. ഫലസ്തീനികൾക്ക് വിട്ടുനൽകിയ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇതുതന്നെ സ്ഥിതി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും മാത്രമല്ല, കിഴക്കൻ ജറൂസലമിലും ഇസ്രായേലിലും കഴിയുന്ന ഫലസ്തീനികളെ അധഃകൃത വർഗങ്ങളെയെന്നപോലെ കണ്ട് എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണ് -ആംനെസ്റ്റി സെക്രട്ടറി ജനറൽ അഗ്നസ് കലമാർഡ് പറഞ്ഞു.
ഫലസ്തീനിൽ വംശവെറി ഭരണം ഇനിയും തുടരാതെ കാക്കാൻ ഇസ്രായേലിനെതിരെ സമഗ്ര ആയുധ ഉപരോധം നടപ്പാക്കണമെന്നും ആസ്തികൾ കണ്ടുകെട്ടണമെന്നും ആംനെസ്റ്റി യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഹ്യൂമൻറൈറ്റ്സ് വാച്ചും സമാന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഫലസ്തീനിലുടനീളം ഇസ്രായേൽ സൈനികഭരണം നിലനിൽക്കുകയാണ്. ഇത് കൂടുതൽ കർക്കശമാക്കിയാണ് ഫലസ്തീനികളുടെ ഭൂമിയും ആസ്തികളും പിടിച്ചെടുക്കൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.