കാലിഫോർണിയ: ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പ് ലേലത്തിൽ പോയത് 2,18750 ഡോളറിന് (1.7 കോടി രൂപ). എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് ഉപയോഗിച്ചിരുന്ന, ജർമൻ ഷൂ നിർമാതാക്കളായ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പാണ് കാലിഫോർണിയ ആസ്ഥാനമായ ജൂലിയൻസ് ഓക്ഷൻസ് സംഘടിപ്പിച്ച ലേലത്തിൽ അജ്ഞാതൻ സ്വന്തമാക്കിയത്. ഒരു ജോഡി ചെരിപ്പിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിലയാണ് ഇതെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.
കോർക്കും ചണവും ചേർന്ന് നിർമിച്ച ചെരിപ്പ് വർഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാൽ സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പ്രകടമായിരുന്നു. ലേലം ഒരുക്കിയ കമ്പനി പ്രതീക്ഷിച്ചിരുന്നത് 60,000 – 80,000 ഡോളർ ആയിരുന്നെങ്കിലും അജ്ഞാതനായ ലേലക്കാരൻ വൻതുക മുടക്കി ചെരിപ്പും അതോടൊപ്പം തയാറാക്കിയ എൻ.എഫ്.ടിയും (നോൺ ഫൻജിബിൾ ടോക്കൺ) സ്വന്തമാക്കുകയായിരുന്നു. നവംബർ 11ന് തുടങ്ങിയ ലേലം 13നാണ് അവസാനിച്ചത്.
ലേല സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ആപ്പിളിന്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നു. ആപ്പിളിന് തുടക്കമിട്ട ഗാരേജിൽ സ്റ്റീവ് ജോബ്സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് 1976ലാണ് കലിഫോർണിയയിലെ ലൊസ് ആൾട്ടോസിൽ ആപ്പിൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിലെ ഫോട്ടോകളിൽ ഈ ചെരുപ്പുകൾ കാണാം. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചെരിപ്പ് പിന്നീട് ഹൗസ് മാനേജരായ മാർക്ക് ഷെഫിന് കൈമാറുകയായിരുന്നു. സ്റ്റീവിന്റെ മുൻ പങ്കാളി ക്രിസൻ ബ്രണ്ണൻ വോഗിന് നൽകിയ അഭിമുഖത്തിൽ ഈ ചെരിപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്. ജർമനി, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെ നിരവധി പ്രദർശനങ്ങളിൽ ഈ ചെരിപ്പ് ഇടം നേടിയിരുന്നു. അർബുദ ബാധയെത്തുടർന്ന് 2011ലായിരുന്നു ജോബ്സിന്റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.