കീറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ എക്വഡോറിൽ തത്സസമയ സംപ്രേഷണത്തിനിടെ ചാനൽ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറി തോക്കുധാരികൾ. മുഖംമൂടി ധരിച്ച സംഘമാണ് ലൈവ് പരിപാടി നടക്കുന്നതിനിടെ ചാനൽ സ്റ്റുഡിയോയിൽ കടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുംം ബന്ദികളാക്കുകയും ചെയ്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗുണ്ട സംഘങ്ങളുടെ അഴിഞ്ഞാട്ടം.
ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനൽ സ്റ്റുഡിയോയിലാണ് അക്രമിസംഘം എത്തിയത്. പിസ്റ്റളും ഗ്രനേഡുമായാണ് സംഘം സ്റ്റുഡിയോയിൽ എത്തിയത്. അക്രമികള്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും പുറത്തുവന്നു. തൊട്ടുപിന്നാലെ പതിനഞ്ച് മിനിറ്റോളം ചാനലിലെ തത്സമയ സംപ്രേഷണം തടസപ്പെട്ടു. ജീവനക്കാർ ഷൂട്ട് ചെയ്യരുതെന്ന് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും.
കഴിഞ്ഞ ദിവസം കുപ്രസിദ്ധ ലഹരി മാഫിയാ തലവനായ അഡോൾഫോ ഫിറ്റോ മാസിയാസ് ജയിലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നാലെ എക്വഡോർ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് രണ്ടുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുണ്ടാ സംഘങ്ങൾക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചു. ഇതോടെ മാഫിയ സംഘങ്ങളും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്.
വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്തുകയും പൊലീസുകാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ചാനൽ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.
സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. എന്നാൽ, അതിക്രമത്തിനു പിന്നില്‍ ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.