കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ സൈനിക അട്ടിമറി. പ്രസിഡൻറ് ആൽഫ കോണ്ടെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ടതായും സൈന്യം അറിയിച്ചു. തലസ്ഥാനത്തെ പ്രസിഡൻറിെൻറ കൊട്ടാരത്തിനു സമീപം ഞായറാഴ്ച വെടിവെപ്പുണ്ടായിരുന്നു. മൂന്നു സൈനികർ മരിച്ചതായി റിപ്പോർട്ടുണ്ട്. അത്കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് സൈന്യം രാജ്യത്തിെൻറ നിയന്ത്രണം ഏറ്റെടുത്തത്.
83 കാരനായ പ്രസിഡൻറ് കോണ്ടെ എവിടെയാണെന്ന് വ്യക്തമല്ല. സൈനിക മേധാവി കേണൽ മമാദി ദൂംബയയും ഇതെ കുറിച്ച് സൂചന നൽകിയിട്ടില്ല. ഭരണഘടന പിരിച്ചുവിട്ടതായും രാജ്യത്തിെൻറ അതിർത്തികൾ അടച്ചതായും ദൂംബയ അറിയിച്ചു.
സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യം നഗരങ്ങളിൽ പട്രോളിങ് ആരംഭിച്ചു. ചിലയിടങ്ങളിൽ ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡൻറിെൻറ കൊട്ടാരത്തിനു ചുറ്റും സായുധധാരികളായ സൈന്യം റോന്തു ചുറ്റുകയാണ്. കഴിഞ്ഞവർഷം കോണ്ടെ മൂന്നാമതും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യം അസ്ഥിരതയിലേക്ക് നീങ്ങിയത്. ഭരണഘടനഭേദഗതിയിലൂടെയാണ് അദ്ദേഹം മൂന്നാമതുംഅധികാരത്തിലെത്തിയത്. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. നിരവധിയാളുകൾ കൊല്ലപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.