പുരാവസ്തു മോഷണം; ബ്രിട്ടീഷ് മ്യൂസിയം ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ലണ്ടൻ: കലവറയിൽ സൂക്ഷിച്ച ആയിരക്കണക്കിന് അമൂല്യ പുരാവസ്തുക്കൾ മോഷണം പോയതിനെ തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരായ നിയമ നടപടികൾ നടന്നുവരുകയാണ്. മ്യൂസിയത്തിലെ ചില പുരാവസ്തുക്കൾ കാണാതായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് സുരക്ഷാപരിശോധനക്ക് തുടക്കംകുറിച്ചത്.

പൗരാണിക കലാരൂപങ്ങളും അമൂല്യ ആഭരണങ്ങളുമടക്കമുള്ളവ കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് നടപടി. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസിൽ വിവരം അറിയിക്കുകയും സുരക്ഷ വർധിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുകയും ഇതിന് ഉത്തരവാദിയെന്ന് കരുതുന്ന വ്യക്തിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതായി ബ്രിട്ടീഷ് മ്യൂസിയം ചെയർ ജോർജ് ഓസ്ബോൺ പറഞ്ഞു. ബി.സി 15 മുതൽ എ.ഡി 19 വരെയുള്ള കാലഘട്ടത്തിലെ അമൂല്യ സ്വർണാഭരണങ്ങളടക്കമുള്ളവ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്.

ഇന്ത്യൻ പുരാവസ്തുക്കളുടെ വലിയ ശേഖരമുള്ള മ്യൂസിയത്തിൽ ‘ഇന്ത്യ, അമരാവതി’ എന്ന പേരിൽ അപൂർവ ശിൽപങ്ങളുൾപ്പെടെയുള്ളവ പ്രദർശിപ്പിച്ചിട്ടുണ്ട്. വർഷംതോറും 60 ലക്ഷത്തിലധികം പേരാണ് മ്യൂസിയം സന്ദർശിക്കാറ്.

Tags:    
News Summary - Artifact Theft; The British Museum The officer was dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.