ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് ബൈഡൻ

വാഷിങ്ടൺ: ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് ബൈഡന്റെ മറുപടി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ പിന്തുണക്കുമോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അതിനെ താൻ പിന്തുണക്കില്ലെന്ന് ജോ ബൈഡൻ മറുപടിയും നൽകി.

ഇസ്രായേലുമായി തിരിച്ചടി സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരവും ബൈഡൻ സ്ഥിരീകരിച്ചു. ജി7 രാജ്യങ്ങളുമായും യു.എസ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ഇസ്രായേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അത് ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ചാണ് ചർച്ചകളെന്ന സൂചനയും ബൈഡൻ നൽകി.

അതേസമയം, ഇതുവരെ വൈറ്റ്ഹൗസ് ഇസ്രായേൽ തിരിച്ചടിയെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ഇറാനിൽ നിന്നും അയച്ച മിസൈലുകൾ വെടിവെച്ചിടാൻ യു.എസ് സഹായം നൽകിയെന്ന് ബൈഡൻ അറിയിച്ചിരുന്നു. അബദ്ധമൊന്നും കാണിക്കരുത്, യു.എസിന്റെ പിന്തുണ എക്കാലത്തും ഇസ്രായേലിനുണ്ടാവുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇ​സ്രായേലിന് നേരെ 180ഓളം മിസൈലുകൾ ഇറാൻ അയച്ചിരുന്നു. മിസൈലുകൾ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തിയിരുന്നു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ, ഹിസ്ബുല്ലയുടെ നേതാവ് ഹസൻ നസ്റുല്ല, ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്പ് കമാൻഡൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോർഷൻ എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.

Tags:    
News Summary - Biden opposes Israeli strikes on Iran nuclear sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.