ദോഹ: ഇറാൻ ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ദോഹയിൽ പറഞ്ഞു. ‘സമാധാനം നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാൽ, പ്രതികരിക്കാൻ ഇസ്രായേൽ ഞങ്ങളെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഞങ്ങളുടെ മണ്ണിൽ കൊലപ്പെടുത്തിയപ്പോൾ യൂറോപ്പും അമേരിക്കയും ഞങ്ങളോട് സമാധാനം പാലിക്കാനാവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങൾ ആത്മസംയമനം പാലിച്ചു. എന്നാൽ, ഇസ്രായേൽ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു’ -പെസഷ്കിയാൻ വ്യക്തമാക്കി. ദോഹയിൽ ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.
ഗസ്സയിലും ലബനാനിലുമായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ആദ്യഘട്ടം മുതൽ യുദ്ധം ലബനാനിലേക്ക് വ്യാപിക്കുമെന്ന് ഖത്തർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള മധ്യസ്ഥ ശ്രമം അവസാന ഘട്ടം വരെ ഖത്തർ തുടരും -അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.