ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ തുറന്ന പോര്; റിഷി സുനക്കിനെ മുന്നിൽ നിർത്തി വിമത നീക്കവുമായി എം.പിമാർ

ലണ്ടൻ: യൂറോപ്യൻ യൂനിയനിൽ നിന്നുള്ള ബ്രിട്ടന്റെ എക്സിറ്റ് ആണ് ബ്രെക്സിറ്റ്. ബ്രെക്സിറ്റോടെ ബ്രിട്ടനിൽ പ്രധാനമന്ത്രിമാർ വാഴില്ലെന്ന് സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ബ്രെക്സിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആദ്യം ഡേവിഡ് കാമറൺ ആണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. പിൻഗാമിയായെത്തിയ തെരേസ മേയ്ക്കും ബ്രെക്സിറ്റിനെ ഒരു കരക്ക് അടുപ്പിക്കാനായില്ല. തുടർന്ന് അവരും രാജിവെച്ചു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോൺസൺ അധികാരത്തിൽ വന്നു. കോവിഡ് കാലത്ത് നടത്തിയ മദ്യസൽകാലങ്ങൾ ബോറിസിന്റെ അധികാരം തെറിപ്പിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബോറിസ് സർക്കാരിലെ ധനമന്ത്രിയായിരുന്ന ലിസ് ട്രസ് ആണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. അധികാരത്തിൽ 40 ദിവസം തികക്കവെ, ലിസ് ട്രസിനെ പുറത്താക്കാനുള്ള നീക്കം അണിയറയിൽ തിരക്കിട്ട് നടക്കുകയാണെന്നാണ് റിപ്പോർട്ട്.

നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടായതിന് പിന്നാലെയാണ് ട്രസിനെ പുറത്താക്കാൻ വിമത നീക്കം ശക്തമായത്. പ്രധാനമന്ത്രിപദത്തിലേക്ക് ട്രസിനെതിരെ മത്സരിച്ച മുൻ ധനമന്ത്രി റിഷി സുനകിനെ മുന്നിൽ നിർത്തിയാണ് വിമതരുടെ പടയൊരുക്കം. എന്നാൽ പുറത്താക്കാൻ ശ്രമിച്ചാൽ ബ്രിട്ടൻ വീണ്ടും തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നാണ് ട്രസിന്റെ ഭീഷണി. ഭരണകക്ഷിയായ നൂറിലേറെ എം.പിമാർ ട്രസിന് ബ്രിട്ടനെ നയിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് എം.പിമാർ പാർട്ടി തലവൻ ഗ്രഹാം ബ്രാഡിക്ക് കത്ത് നൽകാൻ ഒരുങ്ങുകയാ​ണെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ട്രസിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകണമെന്നാണ് ആവശ്യം. എന്നാൽ പുതുതായി ധനമന്ത്രിയായി നിയമിതനായ ജെറമി ഹണ്ടിനും ട്രസിനും ഈ മാസം 31ന് ബജറ്റ് അവതരിപ്പിക്കാൻ അവസരം നൽകണമെന്നാണ് ബ്രാഡിയുടെ നിലപാട്.

Tags:    
News Summary - As Liz Truss faces open revolt, Rishi Sunak backers step up efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.