സിറി‍യയിൽ റഷ്യൻ വ്യോമാക്രമണം; 73 പേർ മരിച്ചു

ദമാസ്കസ്: സിറി‍യയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 73 പേർ മരിച്ചു. കുട്ടികളടക്കം 170 പേർക്ക് പരിക്ക്. വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഐ.എസിന്‍റെ അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലാണ് ആക്രമണം നടത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങൾ ആറു തവണ ബോംബുകൾ വർഷിച്ചു. മരിച്ചവരിൽ 30 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. ആക്രമണത്തിൽ സർക്കാർ കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്.


ഐ.എസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ അധികൃതർ വാർത്താ ഏജൻസികളോട് പറഞ്ഞു. എന്നാൽ, മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും ആണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.


മെഡിറ്ററേനിയൻ കടലിലുള്ള അന്തർവാഹിനിയിൽ നിന്ന് റഷ്യ മിസൈൽ ആക്രമണവും നടത്തി. പ്രഹര ശേഷിയേറിയ ബോംബുകളാണ് ഐ.എസ് വേട്ടക്കായി റഷ്യ ഉപയോഗിക്കുന്നത്. ഐ.എസിനെതിരെ ആക്രമണം നടത്താൻ 64 യുദ്ധവിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.


സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിന് പിന്തുണ പ്രഖ്യാപിച്ച് സെപ്റ്റംബറിലാണ് റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. റഷ്യൻ വിമാനം ഐ.എസ് തീവ്രവാദികൾ വെടിവെച്ചിട്ടതിനെ തുടർന്നായിരുന്നു ഇത്. സെപ്റ്റംബറിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 64 സിവിലിയന്മാർ അടക്കം 1900 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ 250,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.