സൂചി തിരിച്ചുനൽകുമോ മ്യാന്മറിന് ജനാധിപത്യം

യാംഗോൻ: പത്തായിരത്തോളം അന്താരാഷ്ട്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാതെ ജനാധിപത്യത്തിെൻറ ഒന്നാംഘട്ടമായ വോട്ടെടുപ്പും പിന്നീട് വോട്ടെണ്ണലും ഏകദേശം പൂർത്തിയാക്കിയ മ്യാന്മറിന് ജനാധിപത്യം തിരിച്ചുനൽകാൻ ഓങ്സാൻ സൂചിയെന്ന ലോകം ആദരിക്കുന്ന മനുഷ്യാവകാശപ്രവർത്തകക്കാവുമോ? കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യത്ത് വിശ്വാസ്യമെന്നുപറയാവുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലമറിഞ്ഞ സീറ്റുകളുടെ മഹാഭൂരിപക്ഷവും ഇതിനകം സ്വന്തമാക്കിയ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) അനായാസം കേവലഭൂരിപക്ഷം സ്വന്തമാക്കുമെന്നുറപ്പാണ്. സമ്പൂർണഫലം പുറത്തുവരുംമുമ്പെ നിലവിലെ പ്രസിഡൻറ് തൈൻ സൈനിെൻറ യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെൻറ് പാർട്ടി (യു.എസ്.ഡി.പി) പരാജയം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എൻ.എൽ.ഡി ഒറ്റക്ക് ഭൂരിപക്ഷം നേടിയ 1990ൽ അധികാരം നേരിട്ടേറ്റെടുത്ത സൈന്യം ഇത്തവണയും അതാവർത്തിക്കുമോയെന്നാണ് ഏറ്റവുംപുതിയ ആശങ്ക. ഫലം അംഗീകരിക്കുമെന്ന് സൈനികമേധാവി മിൻ ഓങ് ഹ്ലൈങ് വീണ്ടും ഉറപ്പുനൽകിയിട്ടുണ്ട്.

ഇരുസഭകളിലുമായി 498 സീറ്റുകളിലേക്കാണ് മത്സരമുള്ളത്. ഇതിെൻറ 90 ശതമാനവും എൻ.എൽ.ഡി നേടുമെന്നാണ് സൂചനകൾ. നിലവിൽ അധോസഭയുടെ സ്പീക്കറായ ഷ്വ മൻ, യു.എസ്.ഡി.പി മേധാവി ഹ്ടെയ് ഈ എന്നിവർ പരാജയപ്പെട്ടവരിൽ പ്രമുഖനാണ്. വോട്ടെണ്ണൽ പതുക്കെ പുരോഗമിക്കുന്നതിനാൽ പൂർണഫലങ്ങളറിയാൻ ദിവസങ്ങളെടുക്കും.

ജനവിധി അനകൂലമായാലും പാർട്ടി മേധാവി ഓങ്സാൻ സൂചിയെ പ്രസിഡൻറ് സ്ഥാനത്തെത്താതെ തടയാൻ 2008ൽ പട്ടാളഭരണകൂടം അംഗീകാരം നൽകിയ ഭരണഘടനയിൽ വകുപ്പുണ്ട്. പട്ടാളത്തിന് നിർണായക സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഭരണഘടനാഭേദഗതി ഉടൻ നടപ്പാക്കാനും സാധിക്കില്ല. ഇതു മറികടക്കാൻ ‘സൂപ്പർ പ്രസിഡൻറാകു’മെന്ന് നേരത്തേ സൂചി സൂചന നൽകിയിരുന്നു. വിദേശത്തുള്ള 30 ലക്ഷം പേർക്കും 10 ലക്ഷം റോഹിങ്ക്യകൾക്കും വോട്ടവകാശം ലഭിക്കാത്തതുൾപ്പെടെ ആരോപണങ്ങൾ നേരിട്ടതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പും.

റഖൈൻ പ്രവിശ്യയിൽ നിർണായകസാന്നിധ്യമായ മുസ്ലിം പ്രതിനിധികളെ മത്സരിപ്പിക്കുന്നതിൽ ഭരണ–പ്രതിപക്ഷ കക്ഷികളൊക്കെയും വിമുഖതകാണിച്ചതും വാർത്തയായിരുന്നു. പട്ടാളഭരണത്തിന് കീഴിൽ കൂടുതൽ ശക്തരായിമാറിയ തീവ്ര ബുദ്ധവിഭാഗത്തെ ഒതുക്കുന്നതിൽ പുതിയ സർക്കാറിെൻറ ശ്രമങ്ങൾ എന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. ജനാധിപത്യസർക്കാർ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തിയാൽ 1960കളിൽ പട്ടാളഭരണത്തിന് കീഴിലായി മാറിയ മ്യാന്മറിന് പുതിയ ചരിത്രമാകും പിറക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.