സൂചിയിലൂടെ മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്

യാംഗോന്‍: അരനൂറ്റാണ്ട് പട്ടാള ഭരണത്തിലമര്‍ന്ന മ്യാന്മറിന് ഇനി ജനാധിപത്യ പ്രതീക്ഷയുടെ നാളുകള്‍. 25 വര്‍ഷത്തിനുശേഷം നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചി നേതൃത്വം നല്‍കുന്ന നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) കൂറ്റന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. സൂചിയുടെ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. പട്ടാളത്തിന്‍െറ പിന്തുണയുള്ള ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടി (യു.എസ്.ഡി.പി) നേതാക്കള്‍ തോല്‍വി സമ്മതിച്ചു.കൂറ്റന്‍ വിജയം നേടിയാലും സൂചിക്ക് പ്രസിഡന്‍റാവാന്‍ കഴിയില്ല. സൂചിയെ ലക്ഷ്യമാക്കി പട്ടാള ഭരണകൂടം തീര്‍ത്ത ഭരണഘടന അനുസരിച്ച് വിദേശ പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് പ്രസിഡന്‍റാകാന്‍ യോഗ്യതയില്ല. സൂചിയുടെ രണ്ടു മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമുള്ളതാണ് വിലങ്ങുതടിയായത്. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിലിരുന്ന് സൂചി തന്നെ മ്യാന്മറിന്‍െറ ഭരണചക്രം ചലിപ്പിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, 1990ലെപ്പോലെ വീണ്ടും പട്ടാള അട്ടിമറിയുണ്ടാകുമോ എന്ന ആശങ്കയും അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം സൂചിയുടെ കക്ഷി നേടിയിട്ടും പട്ടാളം ഭരിക്കാന്‍ അനുവദിക്കാതെ അവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാലേ ഒൗദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ.
അധോസഭയിലെ 323ഉം ഉപരിസഭയിലെ 168ഉം സീറ്റുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഭരണഘടന പ്രകാരം 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ സൈന്യത്തിനാണ് അവകാശം. ശേഷിക്കുന്ന സീറ്റുകളില്‍ 67 ശതമാനം വോട്ട് നേടിയാലേ എന്‍.എല്‍.ഡിക്ക് അധികാരത്തിലത്തൊനാവൂ. ഇത്രയും സീറ്റ് സൂചിയുടെ കക്ഷി അനായാസം നേടുമെന്ന് ഉറപ്പായിരിക്കുകയാണ്.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 75 ശതമാനം സീറ്റുകളെങ്കിലും നേടുമെന്ന് ഉറപ്പാണെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഓങ്സാന്‍ സൂചി വ്യക്തമാക്കി. യു.എസ്.ഡി.പി സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് ക്വീവിന്‍ സമ്മതിച്ചു. രാജ്യത്തിന്‍െറ വിധി അതാണെങ്കില്‍ അങ്ങനെയാവട്ടെ എന്നായിരുന്നു ക്വീവിന്നിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.