യാംഗോന്‍: ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ചരിത്രവിജയം സ്വന്തമാക്കി മ്യാന്മറിന്‍െറ പോരാട്ടനായിക ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി മുന്നേറുകയാണ്. ദിവസങ്ങള്‍ക്കകമേ പൂര്‍ണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരൂ എന്നിരിക്കെ കാറ്റ് വീശുന്നതെങ്ങോട്ടെന്ന് മ്യാന്മര്‍ ജനതക്ക് കൃത്യമായറിയാം. ‘ജനാധിപത്യത്തില്‍ വിജയിച്ച പാര്‍ട്ടിയുടെ നേതാവാണ് സര്‍ക്കാറിന്‍െറ നേതാവ്’ തെരഞ്ഞെടുപ്പ് റാലിക്കിടെ സൂചി പറയുകയുണ്ടായി.
‘മുന്‍വിധി എളുപ്പം മാറ്റിയെഴുതാനാവില്ല, വിദ്വേഷം എളുപ്പത്തില്‍ ഇല്ലാതാക്കാനാവില്ല, എങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്. മ്യാന്മര്‍ ജനതക്ക് സമാധാനമാണ് ആവശ്യം. വിദ്വേഷത്തിന്‍െറ വിത്തുവിളയുന്ന മണ്ണില്‍ ഭയപ്പാടോടെ കഴിയാന്‍ അവരിഷ്ടപ്പെടുന്നില്ല’ അവര്‍ തുടര്‍ന്നു. സൂചിയുടെ മുഖ്യശത്രുവായ സൈനികോപചാര സംഘങ്ങള്‍ക്ക് ഇപ്പോഴും അധികാരത്തില്‍ സ്വാധീനമുണ്ട്. സമാനമായൊരു ചരിത്രനിമിഷമായിരുന്നു 1990ല്‍ നടന്ന തെരഞ്ഞെടുപ്പ് മ്യാന്മറിന് സമ്മാനിച്ചത്. തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടിക്കായിരുന്നു വിജയമെങ്കിലും പട്ടാളം അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ആയിരക്കണക്കിന് അനുയായികളെ പട്ടാളം ജയിലിലടച്ചു. സൂചിയെ വീട്ടുതടങ്കലിലുമാക്കി. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി മത്സരിച്ചില്ല.
‘തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ പട്ടാളത്തിന്‍െറ സമീപനം എന്തായിരിക്കുമെന്നതില്‍ ആശങ്കയുണ്ട്’ പത്രവില്‍പനക്കാരനായ യിന്‍ യിന്‍ തെ എന്ന 44കാരന്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി വിജയിക്കുമെങ്കില്‍ അധികാരം കൈമാറാന്‍ തയാറാണെന്ന് സൈന്യവും പ്രസിഡന്‍റ് തൈന്‍സൈനും നല്‍കിയ വാഗ്ദാനം പാലിക്കുമോയെന്നറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.
ചോരചിന്തിയ ചരിത്രത്തിന്‍െറ പാരമ്പര്യമുണ്ട് പഴയ ബര്‍മക്ക്. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയില്‍നിന്ന് ബര്‍മക്ക് 1940കളില്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ആ സ്വാതന്ത്ര്യത്തിന് അല്‍പായുസ്സാണുണ്ടായിരുന്നത്. 1962ല്‍ സൈനിക ജനറല്‍ നേവിന്‍ നടത്തിയ അട്ടിമറിയോടെ രാജ്യം പട്ടാള ബൂട്ടുകളിലമര്‍ന്നു. സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളെപ്പോലും സൈന്യം അടിച്ചമര്‍ത്തി. തെരുവിലിറങ്ങുന്ന യുവ വിദ്യാര്‍ഥികളെ തോക്കുകള്‍ക്കിരയാക്കി. ഇന്ത്യയെപ്പോലെ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് മ്യാന്മറും.
ബുദ്ധമതക്കാരും മുസ്ലിംകളും നിരവധി ആദിവാസി ഗോത്രങ്ങളുമെല്ലാം ഇടകലര്‍ന്ന് ജീവിക്കുന്ന ബഹുസ്വരതക്ക് സ്ഥാനം ലഭിച്ചുപോന്നിരുന്ന ദേശം. എന്നാല്‍ ഇന്ത്യ, ബംഗ്ളാദേശ്, തായ്ലന്‍ഡ് അതത് മേഖലക്കടുത്ത് കഴിയുന്ന ബുദ്ധമതത്തില്‍ വിശ്വസിക്കാത്തവരെയും സൈന്യം നാടുകടത്തുകയുണ്ടായി.
1974ല്‍ രണ്ട് ലക്ഷത്തിലേറെ പേരാണ് ഇന്ത്യയിലേക്ക് പലായനംചെയ്തത്. റോഹിങ്ക്യ മുസ്ലിംകളെ നിരന്തരം പീഡനത്തിനിരയാക്കി. 1978ല്‍ മാത്രം രണ്ടുലക്ഷം റോഹിങ്ക്യ മുസ്ലിംകള്‍ ബംഗ്ളാദേശിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി.
26 വര്‍ഷത്തെ ജനറല്‍ നെവിന്‍െറ വാഴ്ചക്കുശേഷമാണ് താന്‍ഷ്വേ 1974ല്‍ അധികാരമേല്‍ക്കുന്നത്. അദ്ദേഹം രാജ്യത്ത് ഏകകക്ഷിഭരണം പ്രഖ്യാപിക്കുകയും മറ്റ് സംഘടനകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്കൗട്ട് പ്രസ്ഥാനംപോലും സൈനിക നിയന്ത്രണത്തിലായി. ജീവിതത്തിന്‍െറ സര്‍വമണ്ഡലങ്ങളിലുമുള്ള സൈനികസാന്നിധ്യം രാജ്യത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാക്കി മാറ്റി.ദേശവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് 1990ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍, 489ല്‍ 392 സീറ്റുകള്‍ നേടിയ സൂചിയുടെ എന്‍.എല്‍.ഡിയുടെ വിജയത്തിന് അംഗീകാരം നല്‍കാതെ സൂചിയെയും നിരവധിനേതാക്കളെയും പ്രവര്‍ത്തകരെയും ജനറല്‍മാര്‍ തുറുങ്കിലടച്ചു.മ്യാന്മറില്‍ അടിമജോലി ചെയ്യുന്നവരുടെ എണ്ണം എട്ടുലക്ഷം വരുമെന്ന് 2006ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഏതായാലും പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ് മ്യാന്‍മര്‍ ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.