ഹസാരകളെ ശിരച്ഛേദം ചെയ്ത സംഭവം: കാബൂളില്‍ വന്‍ പ്രതിഷേധറാലി


കാബൂള്‍: അഫ്ഗാനിസ്താനില്‍ ഐ.എസ് തീവ്രവാദികള്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളെയുമടക്കം ഏഴ് ഹസാരകളെ തലയറുത്തുകൊന്ന സംഭവത്തില്‍  പ്രതിഷേധമിരമ്പി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വിവിധ ഗോത്രവിഭാഗങ്ങളില്‍പെട്ട ആയിരക്കണക്കിനുപേരാണ് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാബൂളിലെ പ്രസിഡന്‍റിന്‍െറ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
പഷ്തൂണ്‍, താജിക്, ഉസ്ബെക്, ഹസാറ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട ആയിരക്കണക്കിനുപേര്‍ റാലിയില്‍ അണിനിരന്നു. ആറുമാസം മുമ്പാണ് അഫ്ഗാന്‍ പ്രവിശ്യയായ ഗസ്നിയില്‍നിന്ന് ഐ.എസ് ഇവരെ തട്ടിക്കൊണ്ടുപോയത്. മൃതദേഹങ്ങള്‍ തലയറുത്തനിലയില്‍ താലിബാനാണ് കണ്ടത്തെിയത്. പിന്നീട് ഗോത്രവര്‍ഗത്തലവന്മാര്‍ക്ക് കൈമാറുകയായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍കഴിയാത്ത പ്രസിഡന്‍റ് അശ്റഫ് ഗനിയും ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ലയും രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്‍െറ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് വര്‍ധിച്ചുവരുന്ന കലാപങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാറാണ്. ഐ.എസ് ആളുകളെ കൊന്നൊടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഗോത്രവര്‍ഗവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലവില്‍വന്നാല്‍ മാത്രമേ രാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ സാധിക്കൂയെന്നും പ്രതിഷേധക്കാര്‍ സൂചിപ്പിച്ചു. സമാധാനപരമായാണ് ആളുകള്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്.  ഐ.എസ് തുലയട്ടെ എന്ന മുദ്രാവാക്യവുമായി കൊല്ലപ്പെട്ടവരുടെ ഫോട്ടോകളുള്‍പ്പെടുന്ന ബാനറുകള്‍ കൈയിലേന്തിയായിരുന്നു മാര്‍ച്ച്.
അഫ്ഗാനിസ്താനിലെ  അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ് ഹസാരകള്‍. തൊണ്ണൂറുകളില്‍ ആയിരക്കണക്കിന് ഹസാരകളെ താലിബാനും അല്‍ഖാഇദയും കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷമാണ് രാജ്യത്ത് ഐ.എസ് തീവ്രവാദികള്‍ ശക്തിപ്രാപിച്ചത്. കൊലപാതകങ്ങളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് പ്രസിഡന്‍റ് ഉത്തരവിട്ടു. അതേസമയം, സംഭവത്തിനുപിന്നില്‍ താലിബാനാണെന്നും ആരോപണമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.