ആശുപത്രി ആക്രമിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ വധിച്ചു

ജറൂസലം: ഹെബ്രോണിലെ അല്‍ആഹില്‍ ആശുപത്രിയില്‍ ആക്രമണം നടത്തി ഇസ്രായേല്‍ രഹസ്യ സൈനികവിഭാഗം 27കാരനായ ഫലസ്തീനിയെ വധിച്ചു. അബ്ദുല്ല അല്‍ശലാല്‍ദി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 21 അംഗ സൈനികരാണ് കൊല്ലപ്പെട്ട യുവാവിന്‍െറ ബന്ധു കഴിഞ്ഞിരുന്ന മുറിയിലേക്ക് ഇരച്ചുകയറി നിറയൊഴിച്ചത്.

ഇസ്രായേല്‍ സൈന്യത്തിന്‍െറ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ബന്ധു അസ്സാമിനെ ചോദ്യംചെയ്യാനായി ഇരച്ചുകയറിയ സൈന്യത്തെ തടയാന്‍ ശ്രമിക്കവെയാണ് അബ്ദുല്ലക്കുനേരെ സൈന്യം  വെടിയുതിര്‍ത്തത്. അബ്ദുല്ലയെ വധിച്ചശേഷം ഓപറേഷന്‍ കാത്തുകഴിയുന്ന അസ്സാമിനെ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തു.പുലര്‍ച്ചെ മൂന്നോടെയാണ് ആശുപത്രിയില്‍ സൈന്യം പ്രവേശിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ജിഹാദ് ഷവര്‍ പറഞ്ഞു.

അബ്ദുല്ലക്ക് തലയിലും ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലുമാണ് വെടിയേറ്റത്. ഇസ്രായേല്‍ സേന ആശുപത്രിയില്‍ പരിശോധന നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊലയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇസ്രായേല്‍ സൈന്യത്തിലെ ‘മുസ്താറബിന്‍’ എന്ന രഹസ്യവിഭാഗമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അറബി സംസാരിക്കുന്ന സേനാംഗങ്ങള്‍ പ്രക്ഷോഭങ്ങളിലും മറ്റും ഒളിഞ്ഞുകയറി അതിക്രമംകാണിക്കല്‍ പതിവാണ്. മുഖംമുടി ധരിച്ച് ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേരുന്ന ഇവര്‍ സമരക്കാരെ അടുത്തുനിന്ന് വെടിവെച്ചുകൊല്ലുന്ന വിഡിയോ പുറത്തുവന്നിരുന്നു.

ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 81 ആയി. മസ്ജിദുല്‍ അഖ്സയില്‍ സൈന്യം പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.