ഐ.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം; നേതൃത്വം നല്‍കാന്‍ യു.എസ് തയാറെന്ന് ഒബാമ

ക്വാലലംപൂര്‍: ഐ.എസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഐ.എസിനെ തുരത്താന്‍ കഴിയുമെന്ന പൂര്‍ണപ്രതീക്ഷയുണ്ടെന്നും ഒബാമ പറഞ്ഞു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ ആസിയാന്‍ ഉച്ചകോടിയുടെ അവസാന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണജനങ്ങള്‍ക്കുമേല്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഒബാമ, ഐ.എസിനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ യു.എസ് തയാറാണെന്നും വ്യക്തമാക്കി.

ഐ.എസിനെതിരായ പോരാട്ടത്തില്‍ റഷ്യയും ചേരണമെന്ന് ഒബാമ ആവശ്യപ്പെട്ടു. റഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഐ.എസ് ആണെന്ന് ആരോപണമുണ്ട്. തന്‍െറ രാജ്യത്തെ ജനങ്ങളെ കൊന്ന ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരേണ്ടത് പുടിന്‍െറ കടമയാണെന്നും ഒബാമ  പറഞ്ഞു.

സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെ പിന്തുണക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറണം. അസദിനെതിരെ പ്രവര്‍ത്തിക്കുന്ന വിമതരെയാണ് റഷ്യ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. അസദ് ഭരണത്തില്‍ ഉള്ളിടത്തോളം കാലം സിറിയയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. തീവ്രവാദത്തെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇതിനെതിരെ ലോകം അണിനിരക്കണമെന്നും ഒബാമ പറഞ്ഞു.

ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഒലാന്‍ഡെ വൈറ്റ് ഹൗസില്‍ ഒബാമയെ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുമ്പാണ് ഒബാമയുടെ പ്രസ്താവന വന്നിരിക്കുന്നത്. യു.എസ് സന്ദര്‍ശനത്തിന് ശേഷം ഒലാന്‍ഡെ റഷ്യയും സന്ദര്‍ശിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.