ഇറാനുമായി എണ്ണ സൗഹൃദം

തെഹ്റാന്‍: ഇറാനില്‍ എണ്ണ, വാതകമേഖലകളില്‍ ഇന്ത്യന്‍ നിക്ഷേപം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയില്‍ തീരുമാനമായി. ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇറാന്‍ സന്ദര്‍ശനത്തിനത്തെിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും ധാരണയായി. ഊര്‍ജം, തുറമുഖം, ആശയവിനിമയം തുടങ്ങിയ മേഖലകളിലും ഇന്ത്യന്‍നിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ചര്‍ച്ച വിജയമായിരുന്നെന്നും നൂറ്റാണ്ടുകള്‍ നീണ്ട ഇന്ത്യ-ഇറാന്‍ ബന്ധത്തിന് പുതിയ ഊര്‍ജംപകരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇറാനില്‍നിന്ന് വന്ന് ബലൂചിസ്താനില്‍ അറസ്റ്റിലായ കുല്‍ഭൂഷണ്‍ ജാധവിനെക്കുറിച്ച് ഇറാനിയന്‍ ഭാഗത്തുനിന്ന് അന്വേഷണമൊന്നുമുണ്ടായില്ളെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ചാബഹാര്‍ പദ്ധതിയുടെ പുരോഗതി ഇരുവിഭാഗവും വിലയിരുത്തി. ഇന്ത്യയിലെ എണ്ണശുദ്ധീകരണമേഖലയില്‍ പങ്കാളിത്തം വഹിക്കുന്നതില്‍ ഇറാന്‍ താല്‍പര്യമറിയിച്ചു. പരിഗണനയിലുള്ള മുന്‍ഗണനാ വ്യാപാരക്കരാര്‍, ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കണമെന്നും ധാരണയായതായി വികാസ് സ്വരൂപ് പറഞ്ഞു. ഊര്‍ജമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ ഊന്നല്‍നല്‍കി. ആണവ ഉപരോധം പിന്‍വലിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വിലപിടിപ്പേറിയ നിക്ഷേപകേന്ദ്രമായി ഇറാന്‍ മാറി. ജപ്പാന്‍, ചൈന, യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ഇറാനില്‍ നിക്ഷേപം നടത്താന്‍ മത്സരിക്കുകയാണ്. ഇറാനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്ന ഇന്ത്യ ഇതിനകംതന്നെ എണ്ണ, വാതകം, പെട്രോകെമിക്കല്‍, വളം മേഖലകളിലായി 1.33 ലക്ഷം കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് ദ്വിദിന സന്ദര്‍ശനത്തിന് തെഹ്റാനിലത്തെിയ പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എണ്ണ, വാതകമേഖലകളിലെ ഉഭയകക്ഷിബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് വിശ്വസിക്കാവുന്ന പങ്കാളിയാകും ഇറാനെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഉറപ്പുനല്‍കി. സുഷമ, റൂഹാനിയെ സന്ദര്‍ശിച്ചിരുന്നു. തീവ്രവാദമുള്‍പ്പെടെ മേഖലയിലെ പ്രശ്നങ്ങളില്‍ ഇന്ത്യയുമായി സഹകരണമുണ്ടാകുമെന്നും റൂഹാനി പ്രത്യാശിച്ചു. റഷ്യയിലെ ഊഫയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് അനുസ്മരിച്ച റൂഹാനി അദ്ദേഹത്തെ തന്‍െറ സ്നേഹാദരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടു.
രാജ്യത്തെ ആത്മീയ നേതാവ് സയ്യിദ് അലി ഖാംനഈയുടെ ഉപദേഷ്ടാവ് അലി അക്ബര്‍ വിലായതിയുമായും സുഷമ ചര്‍ച്ച നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.