ഇസ്തംബൂള്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ പൊലീസ് ആസ്ഥാനത്തിന് പുറത്തുനടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) ഏറ്റെടുത്തു. സ്ഫോടനത്തില്‍ സിസ്റോയിലെ കലാപവിരുദ്ധ സേനയുടെ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. കഴിഞ്ഞദിവസം തുര്‍ക്കിയിലെ മുഖ്യ പ്രതിപക്ഷ നേതാവായ കമാല്‍ കുച്ദരോഗ്ലുവിനെതിരെ വധശ്രമം നടന്നിരുന്നു. വധശ്രമത്തില്‍നിന്ന് കമാല്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഈ സംഭവത്തിന് പിന്നിലും പി.കെ.കെയാണെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു.
സ്ഫോടനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്‍െറ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സിസ്റോയിലേക്കുള്ള പ്രധാന റോഡ് അടച്ചു.തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഭൂമി വിപുലപ്പെടുത്തുന്നത് തടയാമെന്ന യു.എസുമായുള്ള കരാര്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് വെള്ളിയാഴ്ച തുര്‍ക്കി, സിറിയയിലെ കുര്‍ദിഷ് സേനയുടെ മേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈനിക തലത്തില്‍ നടന്ന ശുദ്ധീകരണത്തിന് ശേഷം കിഴക്കന്‍ തുര്‍ക്കിയില്‍നിന്ന് പി.കെ.കെയെ തുടച്ചുനീക്കുമെന്ന് സര്‍ക്കാര്‍ ശപഥമെടുത്തിരിക്കയാണ്. രണ്ടരവര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ അവസാനിപ്പിച്ചതിനുശേഷം തീവ്രവാദ സംഘമെന്ന് വിശേഷിപ്പിക്കുന്ന പി.കെ.കെയില്‍നിന്ന് നിരന്തരം ആക്രമണം നേരിടുകയാണ് തുര്‍ക്കി. ജൂലൈ 15ന് നടന്ന സൈനിക അട്ടിമറിശ്രമം കൂടി പൊളിഞ്ഞതോടെ പി.കെ.കെ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സമീപ രാജ്യമായ സിറിയയില്‍ മുമ്പില്ലാത്ത തരത്തില്‍ കടന്നാക്രമണത്തിന് തുര്‍ക്കി സൈന്യം മുതിര്‍ന്ന് രണ്ടുദിവസത്തിന് ശേഷമാണ് ബോംബ് സ്ഫോടനം നടന്നത്. ആക്രമണം ഒരേസമയം തീവ്രവാദികളെയും സിറിയന്‍ കുര്‍ദിഷ് സേനയെയും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.