തെഹ്റാൻ: ശിയ നേതാവിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയമാക്കിയതിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. തെഹ്റാനിലെ സൗദി എംബസിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഫർണിച്ചർ തകർക്കുകയും എംബസിയുടെ ഒരു ഭാഗത്തിന് തീവെക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. അതേസമയം സംയമനം പാലിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങളെ ബഹുമാനിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കാരോട് അഭ്യർഥിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ ശിയ പണ്ഡിതൻ നിമിർ അന്നിമിർ ഉൾപ്പെടെ 47 പേരുടെ വധശിക്ഷയാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം നടപ്പാക്കിയത്. സൗദി ഗവൺമെൻറിെൻറ നടപടി അവിവേകവും നിരുത്തരവാദപരമാണെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് സൗദി കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഹുസൈൻ ജാബിർ അൻസാരി പറഞ്ഞു. ഇറാെൻറ പ്രതികരണത്തിന് പിന്നാെല സൗദിയിലെ ഇറാെൻറ അംബാസഡറെ വിളിച്ചുവരുത്തി സൗദി സർക്കാർ പ്രതിഷേധം അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുകയാണെന്ന് സൗദിസർക്കാർ അംബാസഡറെ ബോധിപ്പിച്ചു.
അതേസമയം ശിയ നേതാവിെൻറ വധത്തിൽ യു.എസും ആശങ്ക അറിയിച്ചു. പശ്ചിമേഷ്യയിലെ വംശീയ സംഘർഷങ്ങൾ വർധിപ്പിക്കാൻ ഇത് കാരണമാവും. സമാധാപരമായി വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും മനുഷ്യാവകാശങ്ങളും സുതാര്യമായ നീതിന്യായ നടപടികളും ഉറപ്പുവരുത്തണമെന്നും യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് ജോൺ കിർബി സൗദിയോട് ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തനം, മത, രാജ്യവിരുദ്ധ പ്രവർത്തനം, ഗുഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് 47 പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയത്. വിദേശികളുടെ താമസസ്ഥലങ്ങളിൽ ആക്രമണം നടത്തിയവരുടെയും, സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കാനുള്ള പദ്ധതിയിൽ പങ്കാളികളായവരുടെയും വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.