നിഴല്‍ മന്ത്രിസഭയുമായി മാലദ്വീപ് പ്രതിപക്ഷം

ലണ്ടന്‍: മാലദ്വീപിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ മുന്നണി നിഴല്‍മന്ത്രിസഭക്ക് രൂപംനല്‍കി. ബ്രിട്ടനില്‍ പ്രവാസജീവിതം നയിക്കുന്ന മുന്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജമീല്‍ അഹ്മദ് ആയിരിക്കും ഈ കാബിനറ്റിന് നേതൃത്വം നല്‍കുക. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഴല്‍മന്ത്രിസഭയുടെ ഉപദേഷ്ടാവായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്‍റ്  മുഹമ്മദ് നശീദിനെയും തെരഞ്ഞെടുത്തു. മാലദ്വീപില്‍ ജനാധിപത്യരീതിയില്‍  നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ നശീദിന് ഈയിടെ  ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കിയിരുന്നു.
പ്രതിപക്ഷം  രൂപംനല്‍കിയ മാലദ്വീപ് യുനൈറ്റഡ്  ഓപ്പോസിഷന്‍ എന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള നിഴല്‍മന്ത്രിസഭ രാജ്യത്തെ ജനാധിപത്യ പുനര്‍വ്യാപന പ്രക്രിയകള്‍ ത്വരിതപ്പെടുത്തുമെന്ന് നശീദ് അറിയിച്ചു.
തന്‍െറ രാജ്യത്തെ സംബന്ധിച്ചിടത്തോളം മന്ത്രിസഭാ രൂപവത്കരണം നിര്‍ണായക വഴിത്തിരിവാണെന്ന് നശീദ് അഭിപ്രായപ്പെട്ടു. നിഴല്‍ മന്ത്രിസഭയില്‍ രണ്ടു സ്ത്രീകളുമുണ്ട്.

പ്രതിപക്ഷം പഴയകാല ഭിന്നതകളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി ജനാധിപത്യ പുനര്‍വ്യാപനപാതയില്‍ അണിനിരക്കുകയാണെന്ന് ഐക്യ പ്രതിപക്ഷ മുന്നണി നേതാവ് ജമീല്‍ അഹ്മദ് അറിയിച്ചു. മന്ത്രിസഭക്കും  പ്രതിപക്ഷ മുന്നണിക്കും ഇന്ത്യയുടെ അംഗീകാരവും സഹായവും അഭ്യര്‍ഥിച്ച അദ്ദേഹം ഇതര രാജ്യങ്ങളുടെ അംഗീകാരത്തിനുവേണ്ടിയുള്ള  ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് വ്യക്തമാക്കി.
നിലവിലെ പ്രസിഡന്‍റ് അബ്ദുല്ല യമീനെ നിഷ്കാസനം  ചെയ്ത് ജനാധിപത്യം വീണ്ടെടുക്കാനുള്ള സമരം ഊര്‍ജിതപ്പെടുത്തുന്നതിന് പ്രതിപക്ഷ മുന്നണി ഊന്നല്‍ നല്‍കും.

പൗരാവകാശലംഘനങ്ങളും ഭരണഘടനാ ലംഘനങ്ങളും അടിയന്തരമായി അവസാനിപ്പിക്കാന്‍ മുന്നണി അബ്ദുല്ല യമീനോട് ആവശ്യപ്പെടുന്ന പ്രമേയവും പ്രതിപക്ഷ മുന്നണി അംഗീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.