യമനില്‍ വൃദ്ധസദനത്തിന് നേരെ വെടിവെപ്പ്: നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 മരണം

ഏദന്‍: ശൈഖ് ഉസ്മാന്‍ ജില്ലയിലെ വൃദ്ധസദനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം16 പേര്‍ മരിച്ചു. മദര്‍ തെരേസ സ്ഥാപിച്ച കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലേക്കത്തെിയ ആയുധധാരികളായ നാലു പേരാണ് വെടിയുതിര്‍ത്തതെന്നും ആക്രമികള്‍ ഐ.എസ് ഭീകരാണെന്ന് സംശയിക്കുന്നുവെന്നും സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വക്താവ് അറിയിച്ചു. അതേസമയം സംഭവത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വൃദ്ധസദനത്തിന്‍െറ കവാടത്തിലത്തെിയ നാലുപേര്‍ കാവല്‍ക്കാരനോട് അമ്മയെ കാണാനെന്ന് പറഞ്ഞ് അകത്ത് പ്രവേശിച്ച ശേഷമാണ് വെടിവെച്ചത്. തുടക്കത്തില്‍ കാവല്‍ക്കാരനെ വെടിവെച്ചുകൊന്ന ശേഷമാണ് ആക്രമികള്‍ അന്തേവാസികള്‍ക്കുനേരെ നിറയൊഴിച്ചത്. പ്രാദേശിക സമയം ഉച്ചക്ക് 12.30 നായിരുന്നു നാട്ടുകാരെ നടുക്കിയ ദുരന്തം നടന്നത്.
സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട ആക്രമികള്‍ക്ക് വേണ്ടി പൊലീസും സുരക്ഷാ സേനകളും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ളെന്നും ഇതിനായി ശ്രമം തുടരുകയാണെന്നും ഡല്‍ഹിയില്‍ ഒൗദ്യോഗിക വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് യമനിലെ ഇന്ത്യന്‍ എംബസി കുറച്ചുകാലമായി അടഞ്ഞുകിടക്കുകയാണെന്നും യമന്‍െറ അയല്‍രാഷ്ട്രമായ ജിബൂതിയിലെ ഇന്ത്യന്‍ ക്യാമ്പ് ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമികളെ ഭയന്ന് സ്റ്റോര്‍ റൂമിലെ ഫ്രിഡ്ജിനുള്ളില്‍ ഒളിച്ചിരുന്ന ഒരു കന്യാസ്ത്രീയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 ഓളം അന്തേവാസികളായിരുന്നു വൃദ്ധസദനത്തിലുണ്ടായിരുന്നത്. യമനിലെ യു.എന്‍ അംഗീകാരമുള്ള സര്‍ക്കാറിനെതിരെ ഹൂതി വിമതര്‍ അക്രമങ്ങള്‍ നടത്തിവരികയാണ്.
നേരത്തെ തലസ്ഥാനമായിരുന്ന സന്‍ആ ഹൂതി വിമതരുടെ പിടിയിലായതിനെ തുടര്‍ന്ന് പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി ദക്ഷിണ യമനിലെ പ്രമുഖ നഗരമായ ഏദനെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അല്‍ഖാഇദയുടെയും ഐ.എസിനെയും നേതൃത്വത്തില്‍ ഏദനുനേരെയും സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സൗദി സഖ്യസേനക്ക് നേരെയും ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച കാര്‍ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ശൈഖ് ഉഥ്മാനില്‍ നാലു പേര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 14ന് ഐ.എസ് നടത്തിയ മറ്റൊരു ചാവേര്‍ ബോംബാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ജൂലൈയില്‍ സൈന്യം തുരത്തുന്നതുവരെ വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഏദന്‍. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍  പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും നിലവില്‍ റിയാദിലാണ് കഴിയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.