ടിന്‍ ജോ മ്യാന്മര്‍ പ്രസിഡന്‍റ്

നയ്പിഡാവ്: 54 വര്‍ഷം നീണ്ട സൈനിക ഭരണത്തിന് അന്ത്യം കുറിച്ച് മ്യാന്മറില്‍ സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തില്‍. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചി നയിക്കുന്ന നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പ്രതിനിധി ടിന്‍ ജോയാണ് പുതിയ പ്രസിഡന്‍റ്. ജോക്കു പുറമെ ഹെന്‍റി വാന്‍ തിയോ, ലഫ്. ജനറല്‍ മിങ് സ്വെ എന്നിവരടങ്ങിയ പാനലില്‍നിന്ന് പാര്‍ലമെന്‍റാണ് വോട്ടെടുപ്പിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. 70കാരനായ ജോ ഏപ്രില്‍ ഒന്നിന് സ്ഥാനമേല്‍ക്കും. അധികാരം മാറിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ജനാധിപത്യം തിരിച്ചുവരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിലേക്ക് തിരികെ നടത്തുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സൂചിക്ക് മക്കളുടെ ബ്രിട്ടീഷ് പൗരത്വമാണ് പ്രസിഡന്‍റ് പദവിക്ക് തടസ്സമായത്. ആരു ഭരിച്ചാലും യഥാര്‍ഥ നിയന്ത്രണം തന്‍െറ കൈയിലാകുമെന്ന് സൂചി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരു സഭകളിലെയും 652 അംഗങ്ങള്‍ വോട്ടുചെയ്തതില്‍ ടിന്‍ ജോ 360 വോട്ട് നേടിയപ്പോള്‍ സൈനിക നോമിനിയായ ലഫ്. ജനറല്‍ മിങ് സ്വെ 213 വോട്ടുകള്‍ നേടി. എന്‍.എല്‍.ഡിയിലെ തന്നെ തിയോക്ക് 79 വോട്ടാണ് ലഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.