കാനഡ: കാട്ടുതീ അയല്‍ പ്രവിശ്യയിലേക്ക് വ്യാപിക്കുന്നു

ഓട്ടവ: കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഫോര്‍ട് മാക്മുറെയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സമീപ പ്രവിശ്യയായ സസ്കാച്ചെവനിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്്. വരണ്ടുണങ്ങിയ കാലാവസ്ഥ തീയണക്കാനുള്ള ശ്രമങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടൊപ്പം പ്രദേശത്തെ ശക്തമായ കാറ്റും കാട്ടുതീക്ക് ആക്കംകൂട്ടുന്നു.
എന്നാല്‍, തീ മാസങ്ങളായി തുടരുന്നതില്‍ അസ്വാഭാവികതയൊന്നുമില്ളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ 80,000 പേരെയാണ് എണ്ണനഗരമായ ഫോര്‍ട് മാക്മുറെയില്‍നിന്ന് ഒഴിപ്പിച്ചത്. നഗരത്തിന്‍െറ വടക്കന്‍ മേഖലയില്‍ ആയിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ശനിയാഴ്ച ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഞായറാഴ്ചത്തേക്ക് മാറ്റേണ്ടിവരുകയായിരുന്നു. ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതും കത്തിച്ചാമ്പലായതുമായ പ്രദേശങ്ങളുള്‍പ്പെടെ 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശങ്ങളെയാണ് കാട്ടുതീ ബാധിച്ചത്.
വടക്കു കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റാണ് കാട്ടുതീയെ സസ്കാച്ചെവനിലേക്ക് തിരിച്ചിരിക്കുന്നത്. മേഖലയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കാട്ടുതീ ശക്തമായിത്തന്നെ തുടരുന്നതായി ആല്‍ബെര്‍ട്ട അത്യാഹിത വിഭാഗം അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും മേഖലയില്‍ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍, ശക്തമായ മഴയുണ്ടായാലേ തീ കെടുത്താനാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആയിരങ്ങളാണ് നഗരം വിട്ടുകൊണ്ടിരിക്കുന്നത്.
തീ സമീപപ്രദേശങ്ങളിലാകെ നാശംവിതക്കാനിടയുണ്ട്. വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണെന്നും മേഖലയില്‍ കുടിവെള്ളക്ഷാമം നേരിടുകയാണെന്നും അധികാരികള്‍ അറിയിച്ചു. 1600ഓളം വീടുകളും മറ്റു കെട്ടിടങ്ങളുമാണ് കാട്ടുതീയെ തുടര്‍ന്ന് കത്തിനശിച്ചത്. എന്നാല്‍, മരണമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എണ്ണയുല്‍പാദന പ്രദേശമായ ആല്‍ബെര്‍ട്ടയിലെ സുപ്രധാന നഗരമാണ് ഫോര്‍ട് മാക്മുറെ. ലോകത്ത് എണ്ണയുടെ കരുതല്‍ നിക്ഷേപത്തില്‍ മൂന്നാം സ്ഥാനത്താണ് ആല്‍ബെര്‍ട്ട. കാനഡയിലെ എണ്ണയുല്‍പാദനത്തിന്‍െറ നാലിലൊരു ഭാഗം കാട്ടുതീയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് ആശങ്ക പരക്കുന്നുണ്ട്. എന്നാല്‍, തീ എണ്ണയുല്‍പാദന മേഖലകളെ ബാധിക്കില്ളെന്നും സുരക്ഷാസേന സുസജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.