റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് ഫിലിപീന്‍സ് പ്രസിഡണ്ട്

മനില: തിങ്കളാഴ്ച നടന്ന ഫിലിപ്പീന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മവേറിക് റൊഡ്രിഗോ ദുതേര്‍തെക്ക് മികച്ച വിജയം. ഏറെ കാലം സൗത് നഗരമായ ദവാവോയുടെ മേയറായിരുന്ന ഇദ്ദേഹം ഫിലിപ്പീന്‍സിന്‍െറ ഡൊണാള്‍ഡ് ട്രംപ് എന്നാണ് അറിയപ്പെടുന്നത്.
പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ  38.72 ശതമാനം വോട്ടുകളുമായി  ദുതേര്‍തെ ഏറെ മുന്നിലായിരുന്നു. മുന്‍ സെനറ്ററും ആഭ്യന്തരസെക്രട്ടറിയുമായ മാന്വല്‍ റൊക്സാസ്  22.67 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. റൊക്സാസിനെക്കാള്‍  60 ലക്ഷം വോട്ടുകളുടെ ലീഡാണ് റൊഡ്രിഗോ ദുതേര്‍തെ നേടിയത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഫെര്‍ഡിനാന്‍റ് മാര്‍കോസ് ജൂനിയര്‍ ആണ് മുന്നില്‍.
 71കാരനായ  ദുതേര്‍തെ  നിരവധി വിവാദപ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ്. ഒരിക്കല്‍ പ്രസംഗത്തിനിടെ  കുറ്റവാളികളെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് മാപ്പു പറഞ്ഞു.

ജയില്‍ കലാപത്തില്‍  ആസ്ട്രേലിയന്‍ വനിത കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച് അവരെ ആദ്യം ബലാത്സംഗം ചെയ്യുന്നത് താനായിരിക്കുമെന്ന റൊഡ്രിഗോയുടെ  പ്രസ്താവനയും വിവാദമായിരുന്നു. മുമ്പ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായിരുന്ന അദ്ദേഹം 22 വര്‍ഷമായി മേയറാണ്. റൊഡ്രിഗോയുടെ  വിജയം ഏകാധിപത്യത്തിന് വഴിതെളിക്കുമെന്ന് സ്ഥാനമൊഴിയുന്ന ബെനീഞ്ഞോ അക്വീനോ പറഞ്ഞു. 10 കോടിയാണ് രാജ്യത്തെ ജനസംഖ്യ.  5.5 കോടി വോട്ടര്‍മാരാണുള്ളത്. കൂടാതെ, 13.7 ലക്ഷം വോട്ടര്‍മാര്‍ വിദേശത്തുണ്ട്.  ജിജോമര്‍ ബിനെ,    മുന്‍ യു.എന്‍ അഭിഭാഷകയും സെനറ്റ് അംഗവുമായ മിര്‍യം സാന്‍റിയാഗോ, മുന്‍ സെനറ്റര്‍ ഗ്രേസ്
പോ, മാന്വല്‍ റൊക്സാസ് എന്നിവരായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.