ടോക്യോ: ആഗോള സാമ്പത്തികമേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുള്ള കൂട്ടായശ്രമങ്ങള്‍ക്ക് ആഹ്വാനംചെയ്ത് 42ാമത് ജി ഏഴ് ഉച്ചകോടി സമാപിച്ചു. മധ്യ ജപ്പാനിലെ ഇസേ-ഷിമയില്‍ വ്യാഴാഴ്ച ആരംഭിച്ച ഉച്ചകോടിയുടെ സമാപനദിവസം ലോകം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിതന്നെയാണ് മുഖ്യ ചര്‍ച്ചയായത്. സമ്പത്തികരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ളെന്ന് മാത്രമല്ല, പല രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതായും ഉച്ചകോടി വിലയിരുത്തി. ഓരോ രാജ്യവും സ്വന്തംനിലയില്‍ പരിഹാരം കണ്ടത്തെുന്നതിന് പകരമായി, സുസ്ഥിരവും സന്തുലിതവുമായ സാമ്പത്തികവികസനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് ഉച്ചകോടിയുടെ അവസാനത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ ആഹ്വാനംചെയ്തു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, ജപ്പാന്‍ പ്രസിഡന്‍റ് ഷിന്‍സൊ ആബെ, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ളൂദ് ജങ്കര്‍ എന്നിവരാണ് ലോകം ഉറ്റുനോക്കിയ ഉച്ചകോടിയിയില്‍ പങ്കെടുത്തത്. ജി ഏഴില്‍ ഭീകരവാദം, സൈബര്‍സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.
ബ്രിട്ടനില്‍ നടക്കുന്ന ബ്രെക്സിറ്റ് ചര്‍ച്ചകള്‍ യൂറോപ്പിന്‍െറ സാമ്പത്തികരംഗത്തെ കാര്യമായി ബാധിക്കുമെന്ന് ഉച്ചകോടി വിലയിരുത്തി. രണ്ടാംദിനത്തില്‍ മണിക്കൂറുകളോളം ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. അടുത്തമാസം, ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വേഫലം അനുസരിച്ച്, രാജ്യത്ത് ബ്രെക്സിറ്റ് വാദികളുടെ എണ്ണം കൂടിയിരിക്കുകയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഏതാനും പാര്‍ലമെന്‍റ് അംഗങ്ങളും മന്ത്രിമാരും അടക്കം ബ്രെക്സിറ്റിനെ അനുകൂലിക്കുന്നുണ്ട്. രാജ്യത്ത് ബ്രെക്സിറ്റ് വാദത്തിനെതിരായ പ്രചാരണം ശക്തമാക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായിട്ടുണ്ട്. വിഷയത്തില്‍ കാമറണിന് മറ്റ് അംഗരാഷ്ട്രങ്ങള്‍ പിന്തുണ അറിയിച്ചു.
പസഫിക് മേഖലയില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ രണ്ടാം ദിവസവും വിമര്‍ശവിധേയമായി. മേഖലയിലെ തര്‍ക്കദ്വീപുകളെച്ചൊല്ലി അവകാശവാദം ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും സമുദ്രാതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ ജി ഏഴ് കൂട്ടായ്മ തയാറാണെന്നും ചൈനയുടെ പേര് പരാമര്‍ശിക്കാതെ സമാപന പ്രഖ്യാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.