ഗസ്സയിലേക്ക് സഹായവുമായി വീണ്ടും തുര്‍ക്കി കപ്പല്‍

അങ്കാറ: ഗസ്സയിലേക്കുള്ള സഹായവുമായി തുര്‍ക്കിയുടെ കപ്പല്‍ മെര്‍സിന്‍ നഗരത്തില്‍നിന്ന് ഇസ്രായേല്‍ തുറമുഖമായ അശ്ദോദിലേക്ക് തിരിച്ചു. ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള കരാറിലത്തെിയതു മുതല്‍ മാനുഷിക സഹായവുമായി തുര്‍ക്കി അയക്കുന്ന രണ്ടാമത്തെ കപ്പലാണിതെന്ന് മുതിര്‍ന്ന ടര്‍ക്കിഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2010ല്‍ തുര്‍ക്കിയില്‍ നിന്നുള്ള ‘ഫ്രീഡം ഫ്ളോട്ടില്ല’ സംഘത്തിനുനേരെ ഇസ്രായേല്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. സംഘത്തിലുണ്ടായിരുന്ന 10 മുനുഷ്യാവകാശ പ്രവര്‍ത്തകരെ  ഇസ്രായേല്‍ സേന കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിലെ ഉടമ്പടിയോടെ സ്ഥിതിഗതികള്‍ സാധാരണമായി.കപ്പലില്‍ 100 വീല്‍ചെയറുകള്‍, 1000 സൈക്കിളുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ അടക്കമുള്ളവയുടെ ലക്ഷം കിറ്റുകള്‍, മൂന്നു ലക്ഷം തുണിത്തരങ്ങള്‍, 1288 ടണ്‍ ധാന്യമാവ്, 170 ടണ്‍ അരി, 64 ടണ്‍ പഞ്ചസാര, 95 ടണ്‍ സസ്യ എണ്ണ, 3,50,000 ഡയപ്പറുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഈ സഹായം ഗസ്സക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. പതിവായുള്ള സഹായത്തിനു പുറമെയാണ് ഫലസ്തീന്‍ കുട്ടികള്‍ക്ക് പ്രത്യേക ഉപഹാരമായി സൈക്കിളുകള്‍ നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്രായേല്‍-തുര്‍ക്കി കരാറിനുശേഷമുള്ള ആദ്യ സഹായ കപ്പല്‍ ജൂലൈ ആദ്യ വാരത്തില്‍ അശ്ദോദില്‍ എത്തിയിരുന്നു. ചെറിയപെരുന്നാളിനോടനുബന്ധിച്ചായിരുന്നു ഇത്.ചരക്കുകള്‍ പിന്നീട് ട്രക് വഴി ഗസ്സയില്‍ എത്തിക്കുകയായിരുന്നു. അതേ മാര്‍ഗത്തിലൂടെ തന്നെ ഇത്തവണത്തെ സഹായവും എത്തിക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.

സഹായ വിതരണത്തില്‍ പക്ഷപാതിത്വവും രാഷ്ട്രീയവും നിലനില്‍ക്കുന്നതായും ഹമാസുമായി അടുത്ത ബന്ധമുള്ളവര്‍ക്കു മാത്രമേ അവ ലഭിക്കുന്നുള്ളൂവെന്നും ഫലസ്തീല്‍ മാധ്യമപ്രവര്‍ത്തകനായ ജിഹാദ് സഫ്താവി ആരോപിച്ചു. എട്ടു വര്‍ഷമായി തുടരുന്ന ഉപരോധം മാറ്റാത്തതില്‍ ഗസ്സക്കാര്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.