കാബൂൾ: അഫ്ഗാനിസ്താനിൽ ആക്രമണമവസാനിപ്പിച്ചാൽ താലിബാനെ നിയമപ്രകാരമുള്ള രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാമെന്ന് പ്രസിഡൻറ് അഷ്റഫ് ഗനി. സമാധാന ചർച്ചകൾക്ക് പൊതുവേദി രൂപവത്കരിക്കാനായി കാബൂളിൽ വിളിച്ചുചേർത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനെതിരായ തീവ്രവാദ മുദ്ര അവസാനിപ്പിക്കാൻ പ്രസിഡൻറ് സന്നദ്ധത അറിയിച്ചത്.
വെടിനിർത്തലിനു പുറമെ തടവുകാരെ മോചിപ്പിക്കാമെന്നും താലിബാനെകൂടി ഉൾപ്പെടുത്തി പൊതുതെരഞ്ഞെടുപ്പ് നടത്താമെന്നും വാഗ്ദാനമുണ്ട്. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും താലിബാനോടുള്ള നിലപാട് മാറ്റം നിബന്ധനകളില്ലാതെയാണെന്നും അഷ്റഫ് ഗനി പറഞ്ഞു. തങ്ങളെ തീവ്രവാദികളെന്നും വിമതരെന്നും മാത്രം വിശേഷിപ്പിച്ചിരുന്ന ഗനിയുമായി താലിബാൻ ഇതുവരെയും സംഭാഷണങ്ങൾക്ക് തയാറായിരുന്നില്ല. അമേരിക്കയുമായി ചർച്ചകൾ നടന്നിരുന്നുവെങ്കിലും എങ്ങുെമത്തിയിരുന്നുമില്ല. പുതിയ പ്രഖ്യാപനത്തോടെ നിലപാട് മാറ്റുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
താലിബാനെ അംഗീകരിച്ചാൽ, പകരമായി അഫ്ഗാൻ സർക്കാറിനെയും അംഗീകരിക്കേണ്ടിവരും. താലിബാൻ ഇതുവരെയും കാബൂൾ ആസ്ഥാനമായി, അമേരിക്കൻ പിന്തുണയോടെയുള്ള ഗനി സർക്കാറിനെ അംഗീകരിച്ചിട്ടില്ല. ചർച്ച സാർഥകമാകാൻ ഇരുവിഭാഗവും പരസ്പരം അംഗീകരിക്കണം. താലിബാൻ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുന്നതിന് പുറമെ ഇവരെ രാജ്യാന്തര ഭീകരപ്പട്ടികയിൽനിന്ന് നീക്കം ചെയ്യുകയും വേണം. മുൻ പോരാളികളെയും അഭയാർഥികളെയും രാജ്യത്ത് പുനരധിവസിപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.