കൈറോ: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച തീരുമാനം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവലിക്കണമെന്ന് അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിന് കടകവിരുദ്ധമായ തീരുമാനമാണിത്. സമാധാനശ്രമങ്ങളുടെ കടക്കൽ കത്തിവെക്കുന്ന തീരുമാനമെടുത്തതിലൂടെ യു.എസ് ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ട്രംപിെൻറ തീരുമാനത്തിൽ അപലപിച്ച് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കണമെന്നും പറഞ്ഞു.
പ്രമേയം യു.എസ് വീറ്റോ ചെയ്താൽ പൊതുസഭയിൽ അറബ് രാജ്യങ്ങൾ പ്രമേയം അവതരിപ്പിക്കുമെന്ന് ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാന് അൽ മാലികി മാധ്യമങ്ങളോടു പറഞ്ഞു. പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കാനല്ല, രാഷ്ട്രീയമായി നേരിടാനാണ് ശ്രമിക്കുന്നതെന്ന് അറബ്ലീഗ് നേതാവ് അഹ്മദ് അബൂലഗീത് വ്യക്തമാക്കി. 50 വർഷമായി ജറൂസലം കൈയേറിയിട്ട്. അതിനെതിരെ പോരാട്ടം തുടരുകയാണിന്നും -അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിെൻറ തീരുമാനത്തെ അപലപിച്ച് അറബ്ലീഗ് പ്രമേയവും അവതരിപ്പിച്ചു. എന്നാൽ, യു.എസിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചൊന്നും പ്രമേയത്തിലില്ല.
ജറൂസലമിൽ ജാഗ്രത പാലിക്കണം –മാർപാപ്പ
വത്തിക്കാൻ സിറ്റി: ജറൂസലമിൽ കൂടുതൽ ‘ജാഗ്രതയും ബുദ്ധിപരമായ നിലപാടും’ പുലർത്തണെമന്ന് ഫ്രാൻസിസ് മാർപാപ്പ വീണ്ടും ആവശ്യപ്പെട്ടു. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിവാദ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ആഹ്വാനം.
ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെ പശ്ചിമേഷ്യയിൽ പ്രതിഷേധാഗ്നി കത്തിപ്പടരുകയാണ്. ഇൗ അവസരത്തിൽ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ വിശ്വാസികളും രാഷ്ട്രത്തലവന്മാരും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യാനികളും ജൂതരും മുസ്ലിംകളും വിശുദ്ധഭൂമിയായി കരുതുന്ന ജറൂസലമിൽ തൽസ്ഥിതി നിലനിർത്തണമെന്ന് മാർപാപ്പ നേരത്തെ അഭ്യർഥിച്ചിരുന്നു.
അബ്ബാസ് യു.എസ് സന്ദർശനം റദ്ദാക്കും
ജറൂസലം: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യു.എസ് സന്ദർശനം റദ്ദാക്കിയേക്കും. പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് അബ്ബാസിനെ യു.എസിലേക്ക് ക്ഷണിച്ചത്. നിലവിലെ സാഹചര്യത്തിൽ ചർച്ചക്കുള്ള സാധ്യത നിലനിൽക്കുന്നില്ലെന്ന് ഫലസ്തീൻ വ്യക്തമാക്കി. നേരത്തേ, യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസിനെ സ്വീകരിക്കില്ലെന്നും ഫലസ്തീൻ അറിയിച്ചിരുന്നു.
ഇസ്രായേൽ ഭീകരരാഷ്ട്രമാണെന്നും യു.എസ് നടപടിയെ എന്തുവിലകൊടുത്തും പ്രതി
രോധിക്കണമെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ട്രംപിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം തുടരുകയാണ് തുർക്കിയും ഫ്രാൻസും.
ഹമാസിെൻറ ടണൽ തകർത്തതായി ഇസ്രായേൽ
ജറൂസലം: ഗസ്സയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് പണിത തുരങ്കപാത തകർത്തതായി ഇസ്രായേൽ അറിയിച്ചു. അറബ് വ്യാപാരികൾക്ക് സാധനങ്ങൾ വിൽക്കുന്നത് ബഹിഷ്കരിക്കണമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലിബർമാൻ ആഹ്വാനം ചെയ്തു.
ട്രംപിനെതിരെ അറബ് വംശജർ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. േമഖലയിലെ അറബ് വംശജർ ഇസ്രായേലുകാരല്ല എന്നും ലിബർമാൻ ആരോപിച്ചു. ലിബർമാെൻറ പ്രസ്താവന അപകടം ക്ഷണിച്ചുവരുത്തുമെന്ന് പൊതുസുരക്ഷ കാര്യ മന്ത്രി ഗിലാദ് എർദാൻ
ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.